നീലേശ്വരം : കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നീലേശ്വരത്തെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ഷെഡ് ലോറി തൊഴിലാളികൾക്ക് നീലേശ്വരം നഗരസഭയും എൻ.കെ.ബി.എം. ഹോമിയോ ആസ്പത്രിയും ചേർന്ന് 'ഇമ്യൂൺ ബൂസ്റ്റർ' കോവിഡ് പ്രതിരോധഗുളികകൾ നൽകി. ലോക്‌ഡൗൺ തുടങ്ങിയത് മുതൽ ഇതുവരെ നീലേശ്വരം എഫ്.സി.ഐ.യിൽനിന്ന്‌ ജില്ലയിലെ വിവിധ പൊതുവിതരണകേന്ദ്രങ്ങളിലേക്ക് റേഷൻ വിതരണത്തിനായി മുടക്കമില്ലാതെ ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനമാണ് തൊഴിലാളികൾ നടത്തിയത്. നീലേശ്വരത്തെ എഫ്.സി.ഐ. ലോറി തൊഴിലാളികളുടെ ആരോഗ്യപരിരക്ഷ മുൻനിർത്തിയാണ് നഗരസഭ ഇത്തരമൊരു പ്രവർത്തനം നടത്തിയത്. നഗരസഭ ആരോഗ്യവിഭാഗം എഫ്.സി.ഐ. ഗോഡൗണും പരിസരവും അണുവിമുക്തമാക്കി. നഗരസഭാ ചെയർമാൻ പ്രൊഫ. കെ.പി.ജയരാജൻ പ്രതിരോധ ഗുളികകൾ കൈമാറി. ടി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

ഹോമിയോ ആസ്പത്രി ആർ.എം.ഒ. ഡോ. പി.രതീഷ്, എഫ്.സി.ഐ. ഷെഡ് ലോറി തൊഴിലാളി യൂനിയൻ ജില്ലാ സെക്രട്ടറി ശശി വെങ്ങാട്ട്, വി.ഇബ്രാഹിം, എം.ഗിരീഷ് എന്നിവർ സംസാരിച്ചു.

പാലക്കുന്ന് : കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പാലക്കുന്നിലും പരിസരത്തും വാർഡ് 17 ജാഗ്രതാസമിതി ഹോമിയോ പ്രതിരോധ ഗുളികകൾ നൽകി. വാർഡംഗം ചന്ദ്രൻ നാലാംവാതുക്കൽ ഉദ്ഘാടനം ചെയ്തു. 5000-ൽ പരം ഗുളികളാണ് നൽകിയത്. കാപ്പിൽ ഷറഫുദ്ദീൻ, ജാഫിർ, ശ്രീജ പുരുഷോത്തമൻ, റിച്ചു, രഞ്ജിത്ത് പാലക്കുന്ന്, ഹനീഫ, സാജിത്, സിയാസ് കാപ്പിൽ, ആയിഷ എന്നിവർ നേതൃത്വം നൽകി.

രാജപുരം : വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മാനടക്കം ഹോമിയോ ആസ്പത്രിയുടെ സഹകരണത്തോടെ വ്യാപാരികൾക്കും കുടുംബങ്ങൾക്കും തൊഴിലാളികൾക്കും കോവിഡ് പ്രതിരോധ ഹോമിയോമരുന്ന് വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ജെ. സജി ഉദ്ഘാടനം ചെയ്തു. ടി.വി. ജോസ്‌മോൻ അധ്യക്ഷത വഹിച്ചു. ഗിരീഷ് കൈരളി, സന്തോഷ് ശ്രീലക്ഷ്മി, കെ.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.