നീലേശ്വരം : പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണസംഘത്തിന് നിർണായക തെളിവ് ലഭിച്ചു. പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയശേഷം ആസ്പത്രിയിൽനിന്ന്‌ പിതാവിനെ ഏല്പിച്ച ഭ്രൂണാവശിഷ്ടം വീട്ടുപറമ്പിൽനിന്ന്‌ കണ്ടെടുത്തു. പെൺകുട്ടിയുടെ പിതാവ് വീടിന്റെ പിറകുഭാഗത്ത് കാണിച്ചുകൊടുത്ത സ്ഥലത്തുനിന്നാണ് വ്യാഴാഴ്ച ഉച്ചയോടെ അന്വേഷണസംഘം ഭ്രൂണാവശിഷ്ടം കുഴിച്ചെടുത്തത്.

െഹാസ്ദുർഗ് താഹസിൽദാർ ബി. രത്നാകരൻ, ഫോറൻസിക് വിദഗ്ധൻ ശ്രീകാന്ത് എന്നിവരുടെ സാന്നിധ്യത്തിൽ കേസന്വേഷണച്ചുമതലയുള്ള നീലേശ്വരം ഇൻസ്പെക്ടർ പി.ആർ. മനോജ്, സബ് ഇൻസ്പെക്ടർ കെ.പി. സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് ശാസ്ത്രീയതെളിവായേക്കാവുന്ന ഭ്രൂണം കണ്ടെടുത്തത്. ഫോറൻസിക് വിദഗ്ധൻ ശ്രീകാന്താണ് മാംസപിണ്ഡം പരിശോധിച്ച് ഭ്രൂണമാണെന്ന് ഉറപ്പാക്കിയത്. സാമ്പിൾ ഡി.എൻ.എ. പരിശോധനയ്ക്കായി അയയ്ക്കും.

സംഭവത്തിൽ പിതാവ് ഉൾപ്പെടെ എട്ടുപ്രതികളാണുള്ളത്. ഇതിൽ ഒരാളെ പിടികൂടാനുണ്ട്. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. തെളിവെടുപ്പിനായി വ്യാഴാഴ്ച രാവിലെയാണ് കുട്ടിയുടെ പിതാവിനെ രണ്ടുദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. ഒരുമണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിൽ പിതാവ് അന്വേഷണസംഘത്തിന് മുമ്പിൽ കുറ്റസമ്മതം നടത്തി. ഇതേതുടർന്നാണ് വീട്ടുപറമ്പിൽ പരിശോധന നടത്തിയത്. സംഭവവുമായി പെൺകുട്ടിയുടെ മാതാവിനും ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. പിടികിട്ടാനുള്ള പ്രതിക്കായി ചീമേനി ഇൻസ്പെക്ടർ എസ്. അനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്‌. തെളിവെടുപ്പ് പൂർത്തിയായതിനാൽ കസ്റ്റഡിയിൽ വാങ്ങിയ പിതാവിനെ വെള്ളിയാഴ്ച പോക്സോ കോടതിയിൽ ഹാജരാക്കും.