നീലേശ്വരം : നീലേശ്വരം നഗരത്തിലെ ചുമട്ടുതൊഴിലാളിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങൾ അണുവിമുക്തമാക്കി. അഗ്നിരക്ഷാസേന, നഗരസഭ ആരോഗ്യവിഭാഗവും വ്യാപാരി സംഘടനകളുടെ യുവജനവിഭാഗവും സേവനത്തിനിറങ്ങി. നഗരപ്രദേശം പൂർണമായും പട്ടേന ജങ്ഷൻ, പാലാത്തടം, മൂന്നാംകുറ്റി, എഫ്.സി.ഐ. ഗോഡൗൺ പ്രദേശങ്ങളും അണുവിമുക്തമാക്കി. നിലവിലുള്ള നിരോധനാജ്ഞയ്ക്ക് വിധേയമായി കോവിഡ് ജാഗ്രതാ നിർദേശം പാലിച്ചുമാത്രമേ വരുംദിവസങ്ങളിൽ കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തുറക്കാൻ പാടുള്ളൂവെന്ന് നഗരസഭയും പോലീസും അറിയിച്ചു. കച്ചവടസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരും സാധനങ്ങൾ വാങ്ങാനെത്തുന്നവരും കോവിഡ് മാനദണ്ഡം തെറ്റിച്ചാൽ സ്ഥാപനങ്ങൾ അടച്ചിടുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.