നീലേശ്വരം : മാർക്കറ്റിൽ പെട്രോൾപമ്പിന് സമീപം നിയന്ത്രണംവിട്ട ടാങ്കർലോറി കാറിലിടിച്ചു. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് ആറിനായിരുന്നു അപകടം. കാറിൽ യാത്ര ചെയ്യുകയായിരുന്ന അനന്തംപള്ള മരക്കാപ്പ് കടപ്പുറം സിയാറ്റത്തിങ്കര സ്വദേശികളായ അബുബക്കർ (32), ഹനീഫ് (30) എന്നിവരാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. കോഴിക്കോട് ഇന്ധനം ഇറക്കി കർണാടകയിലേക്ക് തിരിച്ചുപോവുകയായിരുന്ന ടാങ്കർലോറി.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. ലോറി റോഡിന് കുറുകെ വൈദ്യുതിത്തൂണിനോട് ചേർന്ന് നിൽക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഏറെനേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.