നീലേശ്വരം : കൃഷിയിലേക്കിറങ്ങിയവർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കീടശല്യം. അതിന് പരിഹാരമായി ഇനി ജൈവകീടനാശിനിയായ 'രക്ഷ'യുണ്ട്. പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രത്തിൽ അസോ. പ്രൊഫസറായ ഡോ. സി.കെ. യാമിനി വർമയാണ് 2014-15-ൽ പരീക്ഷണാടിസ്ഥാനത്തിൽ വേപ്പെണ്ണ-വെളുത്തുള്ളി സോപ്പ് മിശ്രിതം വികസിപ്പിച്ചെടുത്തത്. ഓരോ വർഷവും കർഷകരിൽനിന്ന്‌ മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്.

പടന്നക്കാട് കാർഷിക കോളേജിൽ ജോലിചെയ്യുന്ന സമയത്താണ് ഉത്പന്നത്തിന് ‘രക്ഷ’ എന്ന പേര് നൽകുന്നത്. നേരത്തേതന്നെ ഈ മിശ്രിതം കർഷകർ പരീക്ഷിച്ചിട്ടുണ്ടെങ്കിലും അതിന്റെ അളവ് കൃത്യമല്ലാത്തതിനാൽ വിളകൾ കരിഞ്ഞുപോയിരുന്നു. മാത്രമല്ല, ഇത് ഏറെനേരം സൂക്ഷിക്കാൻ പറ്റില്ലെന്നതും പ്രതിസന്ധിയുണ്ടാക്കി. ഇതൊക്കെ പരിഹരിച്ചാണ് യാമിനി വർമയുടെ കണ്ടെത്തൽ. കാർഷിക സർവകലാശാലയുടെ കീഴിൽ പട്ടാമ്പി, കൊല്ലം, പന്നിയൂർ, പടന്നക്കാട് എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളിൽ രക്ഷ ലഭ്യമാണ്. കഴിഞ്ഞദിവസം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ സംഘടിപ്പിച്ച വെബിനാറിൽ ഇതേപ്പറ്റി അവതരിപ്പിച്ച പ്രബന്ധത്തിന് അവാർഡും ലഭിച്ചിട്ടുണ്ട്.