നീലേശ്വരം : കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ജില്ലയിലെ പ്ലാന്റേഷൻ കോർപ്പറേഷന്റെ കാസർകോട്, ചീമേനി എസ്റ്റേറ്റുകളിലായി ഒരുങ്ങുന്നത് എട്ടുലക്ഷം കശുമാവിൻതൈകൾ. കാസർകോട്ട്‌ അഞ്ചുലക്ഷം, ചീമേനിയിൽ മൂന്നുലക്ഷം എന്നിങ്ങനെയാണ് തൈകളൊരുക്കുന്നത്.

പ്ലാന്റേഷൻ കോർപ്പറേഷന്റെ എസ്റ്റേറ്റുകളിലെ കശുവണ്ടി മുളപ്പിച്ച് ഗ്രാഫ്റ്റ് ചെയ്താണ് തൈകൾ ഒരുക്കുന്നത്.

ധന, ധരശ്രീ, സുലഭ, മാടക്കത്തറ തുടങ്ങി കാർഷിക സർവകലാശാല അംഗീകരിച്ച ഇനങ്ങളെല്ലാം ലഭ്യമാണ്. കാസർകോട്, രാജപുരം, ചീമേനി, മണ്ണാർക്കാട് തുടങ്ങിയ പ്ലാന്റേഷൻ കോർപറേഷന്റെ എസ്റ്റേറ്റുകളിൽ പുതുതായി കശുമാവ് നട്ടുപിടിപ്പിക്കുന്നതിനാണിത്.

200 ഏക്കർവീതം ആകെ 800 ഏക്കറിൽ 3.20 ലക്ഷം തൈകളാണ് വേണ്ടത്. ഇതിനോടകംതന്നെ ചീമേനി എസ്റ്റേറ്റിൽ തൈകൾ നട്ടുപിടിപ്പിച്ചു. മറ്റിടങ്ങളിലും ഇതിന്റെ പ്രവർത്തനം പുരോഗമിക്കുകയാണ്.

ആറുലക്ഷം തൈകൾ കർഷകരിലേക്ക്‌

ആറുലക്ഷത്തിൽപരം തൈകൾ കൃഷി ഓഫീസ് മുഖാന്തരം കാസർകോട്, കണ്ണൂർ, പാലക്കാട് ജില്ലകളിലെ കർഷകർക്ക് അപേക്ഷ നൽകുന്നമുറയ്ക്ക് സൗജന്യമായി വിതരണംചെയ്യും. പലയിടങ്ങളിലും തൈകൾ വിതരണംചെയ്തുതുടങ്ങി. മാത്രമല്ല, രണ്ടുഘട്ടങ്ങളിലായി ഇവ സംരക്ഷിക്കാൻ ഒരു തൈക്ക് അൻപത് രൂപയും കർഷകന് ലഭിക്കും. കഴിഞ്ഞവർഷം അഞ്ചുലക്ഷം തൈകൾ ഒരുക്കിയിടത്താണ് ഈ വർധന. റബ്ബർ വിലയിടിവ് കർഷകരെ കശുമാവ് കൃഷിയിലേക്ക് ആകർഷിച്ചിട്ടുണ്ട്.

കോവിഡിനെ തുടർന്ന് തൊഴിലാളികളെ ലഭിക്കാത്തത് പ്രവർത്തിയുടെ വേഗത്തെ ബാധിച്ചിട്ടുണ്ട്. അത്‌ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും പ്ലാന്റേഷൻ കോർപ്പറേഷൻ ജീവനക്കാർ പറഞ്ഞു.