നീലേശ്വരം : നീലേശ്വരത്ത് പിതാവിന്റെയടക്കം പീഡനത്തിനിരയായ പതിനാറുകാരിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു.

അമ്മാവന്റെ സംരക്ഷണയിലായിരുന്ന പെൺകുട്ടിയെ സി.ഡബ്ല്യു.സി. ചെയർപേഴ്‌സൺ പി.പി.ശ്യാമളാദേവിയും മറ്റ് അംഗങ്ങളുമെത്തി കാലിച്ചാനടുക്കത്തെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പെൺകുട്ടി പീഡനത്തിന് വിധേയമായ വീടും അമ്മാവന്റെ വീടും ഒരേ കോമ്പൗണ്ടിനകത്തായതിനാൽ കുട്ടി അവിടെ സുരക്ഷിതമല്ലെന്നുകണ്ടാണ് മാറ്റിപ്പാർപ്പിച്ചതെന്ന് ശ്യാമളാദേവി പറഞ്ഞു. ഇത്തവണത്തെ പത്താംക്ലാസ് പരീക്ഷ തോറ്റ പെൺകുട്ടിക്ക് പഠിച്ച് വീണ്ടും പരീക്ഷയെഴുതാൻ വേണ്ടതടക്കമുള്ള സൗകര്യമൊരുക്കുമെന്നും അവർ പറഞ്ഞു.

കേസിൽ എട്ട്‌ പ്രതികളുള്ളതിൽ മാതാവിന്റെ ബന്ധം സംബന്ധിച്ച്‌ ഇതുവരെയും പോലീസിന് തെളിവ് ലഭിച്ചിട്ടില്ല. കഴിഞ്ഞദിവസം അറസ്റ്റുചെയ്ത നാലുപേരിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ നിയമപ്രകാരം ജാമ്യത്തിൽവിട്ടു. പിതാവിന്റെ അറിവോടെയാണ് മറ്റുപ്രതികൾ കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും എന്നാൽ ഇതിലൂടെ പണം സമ്പാദിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.