നീലേശ്വരം : കോവിഡാനന്തരകാലത്തുണ്ടാകുന്ന ഭക്ഷ്യപ്രതിസന്ധികൾ പരിഹരിക്കാൻ നാടാകെ കൃഷിയിലേക്കിറങ്ങുന്ന കാലത്ത് കർഷകരുടെ വിയർപ്പിന്റെ വില ചെളിയിലാഴുന്നു. നീലേശ്വരം എഫ്.സി.ഐ.യിലേക്ക് എത്തുന്ന ചരക്കുതീവണ്ടിയിൽനിന്ന്‌ അരി കയറ്റിയിറക്കുമ്പോഴാണ് അരിമണികൾ ചെളിയിൽ വീണ് പാഴാകുന്നുത്‌.

അരി ചീഞ്ഞ് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുകൂടി നടക്കാൻപറ്റാത്ത സ്ഥിതിയുമാണ്.

ഈ ഭാഗത്ത് എഫ്.സി.ഐ. മുൻവശംവരെയുള്ള റോഡ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞതാണ് ഈ ദുരിതത്തിന് കാരണം.

ഒരു ചരക്കുതീവണ്ടിയിൽ ചുരുങ്ങിയത് 21 വാഗണുകളിലായാണ് അരി എത്തുന്നത്. ഒരു വാഗണിൽ രണ്ടുവീതംവെച്ച് 42 വാതിലുകളിലൂടെയാണ് അരി ലോറിയിലേക്ക് കയറ്റുന്നത്.

ഹൂക്ക് ഇട്ട് എടുക്കുമ്പോൾ പൊട്ടിയ ചാക്കുകളിൽനിന്നുമുള്ള അരി തൊഴിലാളികൾ എത്ര ശ്രദ്ധിച്ചിറക്കിയാലും പുറത്തേക്ക് വീഴുന്ന അവസ്ഥയാണ്. എഫ്.സി.ഐ.യിലേക്ക് ഇറക്കുന്ന ഭാഗം ചെളിയിൽ മുങ്ങിയതിനാൽ അരിമണികൾ നഷ്ടമാകും. കയറ്റിറക്ക് തൊഴിലാളികളും ലോറിഡ്രൈവർമാരും ദുർഗന്ധവും ചെളിയും കാരണം ജോലി ചെയ്യാൻ പറ്റാതെ കഷ്ടത്തിലാണ്.

റോഡ് നന്നായാൽ അരി നഷ്ടമാകില്ല

സാധാരണയായി റോഡിൽ ഷീറ്റ് വിരിച്ചാണ് അരിമണികൾ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നത്. എന്നാൽ ഇവിടം ചെളിക്കുളമായതോടെ അതിനും പറ്റാത്ത സ്ഥിതിയാണെന്ന് ലോറി ഡ്രൈവേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) നീലേശ്വരം ഏരിയാ സെക്രട്ടറി വെങ്ങാട്ട് ശശി പറഞ്ഞു.

സ്ഥലം റെയിൽവേയുടേത്- എഫ്.സി.ഐ. മാനേജർ

എഫ്.സി.ഐ. പ്രവർത്തിക്കുന്നത് പാട്ടത്തിനെടുത്ത സ്ഥലത്താണ്. കെട്ടിടമൊഴികെയുള്ള സ്ഥലം റെയിൽവേയുടെ അധീനതയിലാണ്. രണ്ടുവർഷം മുൻപുതന്നെ ഈ പ്രശ്നം പറഞ്ഞുകൊണ്ട് മൂന്നിലേറെ തവണ റെയിൽവേയ്ക്ക് കത്ത് നൽകിയിരുന്നു.

എഫ്.സി.ഐ.യുടെ ചെലവിൽതന്നെ ടാറിങ് നടത്താമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, റെയിൽവേ അനുമതി തന്നില്ല. വളപട്ടണത്തടക്കം പ്രവർത്തിക്കുന്ന എഫ്.സി.ഐ. റോഡുകളൊക്കെ കോൺക്രീറ്റ് ചെയ്തുകഴിഞ്ഞു. ഇവിടെ മാത്രമാണ് ഈ സ്ഥിതി.