നീലേശ്വരം : ഇനി 'പോലീസുമാമന്മാരെ' പേടിക്കണ്ട. കുട്ടികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും ജില്ലയിൽ ബുധനാഴ്ച മൂന്ന് പോലീസ് സ്റ്റേഷനുകൾ ശിശുസൗഹൃദമായി. നീലേശ്വരം, കാസർകോട്, മഞ്ചേശ്വരം സ്റ്റേഷനുകളിൽ ഇതിനായി ഒരുക്കിയ കെട്ടിടം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് നേരേയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്.

പ്രൈമറി ക്ലാസ് മുറിയിൽ വേണ്ട സൗകര്യങ്ങളടക്കം ചുവരുകളിൽ ചിത്രാലങ്കാരത്തോടെയാണ് മുറികൾ തയ്യാറാക്കിയത്. കഥാപുസ്തകങ്ങളും കൊച്ചുകുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങളും ഇവിടെയുണ്ടാകും. പരാതിയുമായി വരുന്നവർക്കൊപ്പമുള്ള കുട്ടികൾക്ക് വിശ്രമിക്കാനും കുട്ടികളുടെ സ്വഭാവരൂപവത്കരണത്തിനും പരാതികൾ കേൾക്കാനുമൊക്കെയാണ് ഈ ഇടം പ്രയോജനപ്പെടുത്തുക.

വീഡിയോ കോൺഫറൻസിങ്ങിലൂടെ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയാണ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.

കാസർകോട് ജില്ലാ പോലീസ് മേധാവി ഡി.ശില്പ, ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായർ, ഇൻസ്പെക്ടർ പി.രാജേഷ്, പ്രിൻസിപ്പൽ എസ്.ഐ. പി.വി.വിപിൻ എന്നിവർ സംബന്ധിച്ചു.