നീലേശ്വരം : നെൽപ്പാടങ്ങളിൽ നീലവണ്ടിന്റെയും ഇലചുരുട്ടിപ്പുഴുവിന്റെയും ആക്രമണവും മരച്ചീനിയിൽ വൈറസ് രോഗവും പെരുകുന്നു. മഴയുടെ ഇടവേളകളിൽ വെയിലുദിച്ചതോടെയാണ് നീലവണ്ടുകളുടെ ശല്യം തുടങ്ങിയത്.

പൂർണവളർച്ചയെത്തിയ വണ്ടും പുഴുക്കളും നെല്ലോല കരണ്ടുതിന്നുന്നതോടെ ഇലയിൽനിന്ന്‌ ജലാംശം നഷ്ടപ്പെട്ട് ചുരുങ്ങിപ്പോകുന്നു. ജില്ലയിൽ മടിക്കൈ ബങ്കളത്താണ് ഈ വർഷം വണ്ടിന്റെ ആക്രമണമുണ്ടായത്. മുൻവർഷങ്ങളിൽ ഉദുമ, കുറ്റിക്കോൽ, പെരിയ, കാഞ്ഞങ്ങാട് പ്രദേശങ്ങളിലെ വയലുകളിലും വണ്ടിന്റെ ആക്രമണമുണ്ടായിരുന്നു. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും തണലുള്ള വയലുകളിലുമാണ് ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണമുണ്ടാകുന്നത്. കരനെൽകൃഷിയിൽ ഇലമഞ്ഞളിപ്പ് രോഗവും ഉണ്ടാകുന്നു. വൈറസ് ബാധയേറ്റ് മരച്ചീനിയിലകൾ ചുരുളുന്നതും കർഷകരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

തുരത്താം രോഗങ്ങളെ

ഇലചുരുട്ടിപ്പുഴുവിനെ തുരത്താൻ 10 ലിറ്റർ വെള്ളത്തിൽ മൂന്ന് ഗ്രാം ടാക്കുമി കീടനാശിനിയും 10 മില്ലി പശയും ചേർത്ത് തെളിക്കുക. കരനെൽക്കൃഷിയിലെ ഇലമഞ്ഞളിപ്പ് രോഗം മാറ്റാൻ യൂറിയയും മെഗ്നീഷ്യം സൾഫേറ്റും ചേർത്ത് പാറ്റുക. അല്ലെങ്കിൽ മഗ്നീഷ്യം സൾഫേറ്റിനൊപ്പം ചാണകപ്പൊടി ചേർത്താലും മതി.

മരച്ചീനിയിൽ കാണുന്ന വൈറസ് രോഗത്തിന് മരുന്നില്ല. നല്ല ഫലം ലഭിക്കാൻ മരച്ചീനിത്തണ്ടിന് ആരോഗ്യം നൽകി സംരക്ഷിക്കലാണ് ഏകമാർഗം. അതിനായി ഡോളോമൈറ്റിട്ട് മണ്ണിൽ ചേർക്കുക. ഇത് മണ്ണിലെ പുളിരസം കുറയ്ക്കും. ഒരുമാസത്തെ ഇടവേളയിൽ രണ്ടുതവണയായി 50 ഗ്രാം വീതം ഫാക്ടംഫോസും ശേഷം 20 ദിവസത്തെ ഇടവേളയിൽ മൂന്നുതവണയായി 50 ഗ്രാം പൊട്ടാഷ്യവും ഇട്ടാൽ ഉത്പാദനം വർധിക്കും. പടന്നക്കാട് കാർഷിക ഫാമിൽനിന്ന്‌ ലഭിക്കുന്ന സൂക്ഷ്മ മൂലകമായ 'അയർ' മരച്ചീനി കൂടത്തിൽ 100 ഗ്രാം ഇടുന്നതും ഗുണകരമാണെന്ന്‌ കെ.എം.ശ്രീകുമാർ പറയുന്നു.