നീലേശ്വരം : നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലം പണി ഇഴഞ്ഞുനീങ്ങുന്നു. റെയിൽവേയുടെ സ്ഥലത്തെ നാലുതൂണുകൾക്ക് അനുമതി വൈകുന്നതിനാലാണിത്‌. ആകെ ആവശ്യമായ എട്ടുതൂണുകളിൽ ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള നാലെണ്ണം ഇതിനോടകം പൂർത്തീകരിച്ചു. നിർമാണച്ചുമതലയുള്ള എറണാകുളത്തെ ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനി മൂന്ന് വർഷം മുൻപ് അനുമതിക്കായുള്ള ശ്രമം തുടങ്ങിയെങ്കിലും ഇപ്പോഴും അത് കിട്ടാക്കനിയാണ്.

എഴുപത് ശതമാനത്തോളം പൂർത്തിയായ പാലം പണി റെയിൽവേയുടെ അനാസ്ഥകൊണ്ടാണ് നീണ്ടുപോകുന്നത്. പാലം പണി നടക്കുമ്പോൾ വാഹനങ്ങൾ കടന്നുപോകാനുള്ള രണ്ട് താത്കാലിക റോഡുകളുടെ പണി പൂർത്തീകരിച്ചു. നാല് കൾവർട്ടിന്റെ പണിയും പൂർത്തീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഗ്ലാഡറിന്റെ പണി നടന്നുവരികയാണ്. കോവിഡിനെ തുടർന്ന് ഒന്നരമാസത്തിലധികം പണി നിർത്തേണ്ടിവന്നിരുന്നു. ലോക്ക്‌ ഡൗൺ ഇളവുകൾ വന്നതോടെ ഇതരസംസ്ഥാന തൊഴിലാളികൾ പലരും നാട്ടിലേക്ക് മടങ്ങുന്നുണ്ടെങ്കിലും മറ്റുതൊഴിലാളികളെ കൊണ്ടുവന്ന് ജോലിക്ക് തടസ്സംവരാത്തരീതിയിലാണ് നിർമാണം മുന്നോട്ടുപോകുന്നത്.

നിർമാണം ഇങ്ങനെ

780 മീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലും നാലുവരിയായാണ് പാലം നിർമിക്കുക. പിന്നീട് ആറുവരിയാക്കാൻ കഴിയുംവിധമാണ് പണി.

മേൽപ്പാലം, അനുബന്ധ റോഡ് നിർമാണം, സൂപ്പർവിഷൻ ചാർജ് തുടങ്ങിയവയ്ക്കായി 64.44 കോടി രൂപയാണ് പദ്ധതി ചെലവ്. 2018 മാർച്ചിലാണ് ടെൻഡർ അംഗീകരിച്ചത്. സെപ്തംബർ അവസാനത്തോടെയാണ് പൈലിങ് പ്രവർത്തികൾ തുടങ്ങിയത്. ഒക്ടോബർ 30നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പാലം പ്രവൃത്തി വീഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനംചെയ്തത്.