നീലേശ്വരം : രാമയാണമാസമെന്നും പഞ്ഞമാസമെന്നും വിശേഷിപ്പിക്കാറുള്ള മലയാളികളുടെ കർക്കടകം, ആരോഗ്യവീണ്ടെടുപ്പിന്റെ കാലം കൂടിയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർക്കടകം ഒന്നുമുതൽ സുഖചികിത്സ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ആയുർവേദ ചികിത്സാകേന്ദ്രങ്ങൾ. കർക്കടക ചികിത്സയ്ക്കായി എത്തുന്നവർക്ക്‌ മുൻകരുതലെന്നോണം കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷവും വിദേശത്തുനിന്നും എത്തിയവരെ നിരീക്ഷണകാലവധി കഴിഞ്ഞതിനുശേഷവും മാത്രമേ ഇത്തവണ ചികിത്സ നൽകൂ. കോവിഡിനെ തുടർന്ന് വിദേശികൾ എത്താതായതോടെ കോടികൾ കൊയ്യുന്ന ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾക്ക് ഈവർഷം നല്ലകാലമല്ല.

ചികിത്സ വീട്ടിൽതന്നെയാകാം

കോവിഡിന്റെ പശ്ചാത്തലത്തിൽ ആയുർവേദ ചികിത്സാകേന്ദ്രങ്ങളിൽ കഴിയാൻ പറ്റാത്തവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം കർക്കടക ചികിത്സ ഒരുപരിധിവരെ വീട്ടിൽതന്നെയാകാമെന്ന് പരപ്പ ശ്രീഋഷി ആയുർവേദയിലെ ഡോ. പി.ആർ. പ്രവീൺ പറയുന്നു. ശാരീരികബലം വർധിപ്പിക്കാൻ പഥ്യാഹാരവും ഔഷധസേവയുംചെയ്യുന്നതിലൂടെ ശരീരത്തിന് രോഗപ്രതിരോധ ശേഷി വർധിക്കും. നെയ്യ്‌ സേവയും കഷായ സേവയും ദഹനം സുഖമമാക്കും. എണ്ണതേപ്പും ഞവരതേപ്പും വീട്ടിൽനിന്നുതന്നെ ചെയ്യാവുന്നതാണ്. ദഹിക്കാൻ എളുപ്പമുള്ള ആഹാരം കഴിക്കണം. ഉഷ്ണം കൂടുന്ന ആഹാരം കഴിക്കുന്നത് കുറയ്ക്കുന്നതും പാൽക്കഞ്ഞി നെയ്യ്‌ ചേർത്ത് കഴിക്കുന്നതും ഉത്തമമാണ്. തണുത്ത ആഹാരം ചൂടാക്കി വീണ്ടും കഴിക്കുന്നത് രോഗങ്ങൾക്ക് കാരണമാകും. വിരുദ്ധാഹാര ശീലവും ഒഴിവാക്കണമെന്നും ഡോക്ടർ പറയുന്നു.

കർക്കടക ചികിത്സ

ഒരുവർഷത്തേക്കുള്ള ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുക എന്നതാണ് കർക്കടക സുഖചികിത്സയിലൂടെ ലക്ഷ്യമാക്കുന്നത്. പ്രത്യേകിച്ച് രോഗമില്ലാത്തവർക്കും (സ്വസ്ഥന്മാർ) രോഗമുള്ളവർക്കും പരിശോധനയുടെ ഭാഗമായി ചികിത്സാരീതി വ്യത്യാസപ്പെട്ടിരിക്കും. പ്രധാനമായും പഥ്യാഹാരവും മനുഷ്യശരീരത്തെ നിലനിർത്തുന്ന ത്രിദോഷങ്ങളായ വാത, പിത്ത, കഫങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ചികിത്സാരീതികളുമാണ് ഇതിൽ ഉൾപ്പെടുന്നത്. വിരേചനം, വസ്തി, കിഴി, ധാര, പിഴിച്ചൽ തുടങ്ങിയവയാണ് ചികിത്സാരീതി. ഔഷധക്കൂട്ടുകളനുസരിച്ച് ആയിരം രൂപ മുതലാണ് ചികിത്സാച്ചെലവ്. ഏഴ്, 14, 21 ദിവസങ്ങളായുള്ള പാക്കേജുകളായാണ് ചികിത്സ നടത്തിവരുന്നത്.

ഔഷധക്കഞ്ഞി

ഔഷധക്കഞ്ഞിക്കായി ഉപയോഗിക്കുന്നത് ഞവരയരിയാണ്. ഔഷധക്കഞ്ഞികൂട്ടിൽ 30 ഓളം ആയുർവേദ ഔഷധങ്ങളുടെ കൂട്ട് അടങ്ങിയിട്ടുണ്ട്. കരിങ്കുറിഞ്ഞി, അരിയാറ്, പുത്തരിച്ചുണ്ട വേര്, ചുക്ക്, കുറുന്തോട്ടി വേര്, അയമോദകം, ആശാളി, ജീരകം, ഉലുവ, മഞ്ഞൾ എന്നിവയാണ് ഇതിൽ പ്രധാനം. തഴുതാമ, കൈയോന്നി, മുയൽ ചെവിയൻ, വിഷ്ണുകാന്തി, തിരുതാളി, മുക്കുറ്റി തുടങ്ങിയവും ഇതോടൊപ്പം ചേർക്കാറുണ്ട്.