നീലേശ്വരം : സർക്കാർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പദവി ലഭിച്ച തൈക്കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കെട്ടിടനിർമാണത്തിനായി 1.30 കോടി രൂപ അനുവദിച്ച് ഭരണാനുമതിയായി. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് കളക്ടർ ഡി. സജിത്ത് ബാബു ഉത്തരവ് പുറപ്പെടുവിച്ചത്.

നീലേശ്വരം നഗരസഭയുടെ വിഹിതമായി 25 ലക്ഷം രൂപ നൽകുമെന്ന് നഗരസഭാ ചെയർമാൻ കെ.പി.ജയരാജൻ അറിയിച്ചിരുന്നു. നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളുടെ വിവിധ വാർഡുകളിലായി മത്സ്യത്തൊഴിലാളികൾ തിങ്ങിപാർക്കുന്ന തീരദേശമേഖലയിലെ നൂറുകണക്കിന് ആളുകളാണ് ഈ ആസ്പത്രിയെ ആശ്രയിക്കുന്നത്.

കെട്ടിടത്തിന്റെ നിർമാണ നിർവഹണച്ചുമതല പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ്. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി.രാജമോഹനൻ അറിയിച്ചു.