നീലേശ്വരം : പ്രതിസന്ധികളെ അതിജീവിച്ച് കൃഷിയിറക്കിയ നേന്ത്രവാഴ കർഷകരെ കോവിഡുകാലത്ത് ഇടനിലക്കാർ ചൂഷണംചെയ്യുന്നു.

സീസണായ ജൂലായിൽ കർഷകർക്ക് ലഭിക്കുന്നത് കിലോയ്ക്ക് 26 മുതൽ 28 രൂപ വരെ മാത്രം. കഴിഞ്ഞ ജൂലായിൽ 40-56 രൂപവരെ വിലകിട്ടിയിടത്താണിത്. എന്നാൽ ഇവ കടകളിൽ വിൽപ്പനയ്ക്കെത്തുമ്പോഴാകട്ടെ വില 42 മുതൽ 50 രൂപ വരെയാണ്. 20 രൂപ വരെയാണ് വ്യത്യാസം.

ഏപ്രിൽ പകുതിമുതൽ ഓഗസ്റ്റ്‌ അവസാനംവരെയാണ് നേന്ത്രവാഴ വിളവെടുപ്പ് സമയം. ഓണക്കാലത്ത് കരവാഴകളും വിളവെടുക്കുന്നതോടെയാണ് സീസൺ അവസാനിക്കുന്നത്.

ഈ കാലത്ത് ലഭിക്കുന്ന പണമാണ് ഒരുവർഷത്തേക്കുള്ള കർഷകരുടെ സമ്പാദ്യം. ഇതിൽനിന്ന്‌ മിച്ചംപിടിച്ച് വേണം അടുത്തവർഷത്തെ കൃഷിയിറക്കാനും. കോവിഡിന്റെ മറവിലാണ് ഇടനിലക്കാർ കൊള്ളലാഭം കൊയ്യുന്നത്.

കോഴിക്കോട്, വടകര തുടങ്ങിയ ദൂരസ്ഥലങ്ങളിൽനിന്ന്‌ നേരത്തെ പതിവായി കുല വാങ്ങാൻ എത്തുന്നവർ കോവിഡ് കാരണം വരുന്നില്ലെന്നും ലോക്ക്‌ ഡൗണും കർഷകർക്ക് തിരിച്ചടിയായെന്നും മടിക്കൈയിലെ നേന്ത്രവാഴ കർഷകൻ പറയുന്നു.

വിതരണക്കാർ 46-48 രൂപ നിരക്കിലാണ് കിലോയ്ക്ക് നൽകുന്നതെന്ന് നീലേശ്വരത്തെ കച്ചവടക്കാരും പറയുന്നു.

ലോക്ക്‌ ഡൗണിനെ തുടർന്ന് പൊതുപരിപാടികൾ നടക്കാത്തതും കവലക്കച്ചവടമില്ലാത്തതും ഹോട്ടലുകൾ സജീവമാകാത്തതും നേന്ത്രപ്പഴക്കച്ചവടത്തെ ബാധിച്ചിട്ടുണ്ട്.