നീലേശ്വരം : നീലേശ്വരക്കാരുടെ സെക്രട്ടറി കുഞ്ഞിരാമൻ നായർക്ക് അന്തർദേശീയ സഹകരണദിനത്തിൽ യാത്രാമൊഴി. സഹകരണ, ആരോഗ്യമന്ത്രിയായിരുന്ന പരേതനായ എൻ.കെ. ബാലകൃഷ്ണന്റെ സന്തതസഹചാരിയായിരുന്നു. 32 വർഷം നീലേശ്വരം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

നീലേശ്വരം സഹകരണബാങ്ക് ഇന്നത്തെ നിലയിലുള്ള വളർച്ചയ്ക്ക് ഊടും പാവും നെയ്തത് അദ്ദേഹം സെക്രട്ടറിയായിരുന്ന കാലയളവിലായിരുന്നു. നീലേശ്വരം പൊതുജനവായനശാല സെക്രട്ടറി തുടങ്ങി നിരവധി സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും പതിനഞ്ചാം വയസ്സിൽ തീവണ്ടിക്കടിയിൽപെട്ട് വലതുകാൽ മുട്ടിന് മുകൾ ഭാഗത്തുനിന്നും നഷ്ടമായ കുഞ്ഞിരാമൻ നായരുടെ പിന്നീടുള്ള ജീവിതം ത്യാഗപൂർണമായിരുന്നു. എസ്.എൽ.എൽ.സി.പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി വിജയിച്ചതിന്റെ സന്തോഷം വെള്ളിക്കോത്തുള്ള സഹോദരിയുമായി പങ്കുവെക്കാനുള്ള യാത്രയിലായിരുന്നു അപകടം. കുഞ്ഞിരാമൻ നായരുടെ പ്രവർത്തനങ്ങൾക്ക് കൃത്രിമക്കാൽ ഒരു തടസ്സമായിരുന്നില്ല. ​േടാബിൾ ടെന്നീസിലും, ബാഡ്മിന്റണിലും ജില്ലാ ചാമ്പ്യൻകൂടിയായിരുന്നു അദ്ദേഹം. മുൻ എം.എൽ.എ. കെ.പി. സതീഷ്ചന്ദ്രൻ, നീലേശ്വരം നഗരസഭാ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ, ഡി.സി.സി. വൈസ്‌ പ്രസിഡന്റ് പി.കെ. ഫൈസൽ, സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി രമേശൻ കരുവാച്ചേരി തുടങ്ങിയവരെത്തി അനുശോചനമറിയിച്ചു.