നീലേശ്വരം : നീലേശ്വരം നഗരസഭയെ സമ്പൂർണ വിള ഇൻഷുറൻസ് നഗരമാക്കാൻ നടപടി തുടങ്ങി. കർഷക പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.

പദ്ധതിയിൽ നെൽക്കൃഷിക്ക് സെന്റിന് ഒരുരൂപയും തെങ്ങ് ഒന്നിന് മൂന്നുവർഷത്തേക്ക് അഞ്ച്‌ രൂപയും കവുങ്ങിന് മൂന്നുവർഷത്തേക്ക് മൂന്ന്‌ രൂപയും വാഴക്കൃഷിക്ക് ഒന്നിന് മൂന്ന്‌ രൂപയുമാണ് ഇൻഷുറൻസ് പ്രീമിയം. ഇൻഷുർ ചെയ്യുന്നവർക്ക് വിളനാശം സംഭവിച്ചാൽ നെല്ല് കർഷകർക്ക് ഹെക്ടറിന് 25,000 രൂപയും തെങ്ങ് ഓരോന്നിനും രണ്ടായിരം രൂപയും കവുങ്ങിന് 200 രൂപയും വാഴ ഒന്നിന് 300 രൂപയും ഇൻഷുറൻസ് തുകയായി ലഭിക്കും. ഇടിമിന്നൽ, കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തംമൂലമുണ്ടാകുന്ന വിളനാശത്തിനാണ് ഇൻഷുറൻസ് തുക ലഭിക്കുക. പയർവർഗങ്ങൾ ഉൾപ്പെടെ 23 വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വിള ഇൻഷുറൻസ് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നീലേശ്വരം കൃഷിഭവനിൽ വിള ഇൻഷുറൻസ് ഡെസ്‌ക് പ്രവർത്തനം ജൂലായ് മൂന്നിന് തുടങ്ങും.

വികസനകാര്യ സമിതി യോഗത്തിൽ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ, സ്ഥിരംസമിതി അധ്യക്ഷൻ എ.കെ. കുഞ്ഞികൃഷ്ണൻ, അംഗങ്ങളായ കെ.വി. സുധാകരൻ, സി. മാധവി, കെ.വി. ഗീത, വി.വി. സീമ, കൃഷിഓഫീസർ കെ.എ. ഷിജോ എന്നിവർ സംബന്ധിച്ചു. കൗൺസിലർമാരായ കെ.വി. സുധാകരൻ, വി.വി. സീമ എന്നിവർ പദ്ധതി ഏകോപനം നടത്തും. കർഷകർക്ക് ബന്ധപ്പെടാനുള്ള ഫോൺ നമ്പർ: 9383472334, 9048125100.