നീലേശ്വരം : മിക്ക മേഖലകളും കോവിഡ്കാലത്ത് പ്രതിസന്ധിയിലായപ്പോൾ, ഉണർന്ന അപൂർവം ചില മേഖലകളിലൊന്നാണ് കാർഷിക നഴ്‌സറികൾ. ഭക്ഷ്യധാന്യങ്ങൾക്ക് ഭാവിയിൽ പ്രതിസന്ധിയുണ്ടാകാമെന്ന ചിന്തയും സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയിലൂടെയുള്ള ബോധവത്കരണവുമാണ് ജനങ്ങളെ മണ്ണിലേക്കിറക്കിയത്. ജില്ലയിലെ ഭൂരിഭാഗം തരിശുനിലങ്ങളിലും കാർഷികവിപ്ലവത്തിന്‌ തുടക്കം കുറിച്ചിരിക്കുകയാണ്. ജില്ലയിലെ നൂറിൽപരം കാർഷികനഴ്‌സറികളിൽ ഇത് പ്രതിഫലിക്കുന്നു. നവംബറിൽ വിറ്റുതീരുന്ന തൈകൾ ജൂണോടെ തീർന്നുകഴിഞ്ഞു. വരുമാനത്തേക്കാൾ തൈകൾ തേടിയെത്തുന്ന യുവാക്കളെയുൾപ്പെടെ കാണുമ്പോൾ ഏറെ സന്തുഷ്ടരാണ് നഴ്‌സറി നടത്തിപ്പുകാരും.

തെങ്ങ്, കവുങ്ങ്, കശുമാവ്, ഫലവൃക്ഷങ്ങളായ റംബൂട്ടാൻ, അച്ചാചെറു, ലോങ്ങൻ, മാംഗോസ്റ്റിൻ തുടങ്ങിയവയാണ് ഇത്തവണ കൂടുതലായും ആളുകൾ തേടിവന്നതെന്ന് മുള്ളേരിയയിൽ അഗ്രോപ്ലാന്റ് നടത്തുന്ന ഷിജു പറയുന്നു. സാമൂഹികമാധ്യമങ്ങൾ കൃഷിയിലേക്ക് ആളുകൾ ഇറക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പലരും കായ്ച്ചുനിൽക്കുന്ന ഫലവൃക്ഷങ്ങളുടെ വീഡിയോകൾ കണ്ടാണ് അത് തന്റെ വീട്ടിലും നട്ടുപിടിപ്പിക്കാൻ തേടിയെത്തുന്നത്. അപ്രതീക്ഷിതമായി ജീവിതത്തിരക്കുകളിൽനിന്ന്‌ ലഭിച്ച ഇടവേള എല്ലാവരും കൃഷിക്കായി വിനിയോഗിച്ചുവെന്നും ഷിജു പറഞ്ഞു. ഒരുകാലത്തും നഴ്‌സറികളിൽ തേടിവരാത്ത മരച്ചീനി തണ്ടിനുപോലും ഇത്തവണ ആളുകൾ എത്തിയത് അത്ഭുതപ്പെടുത്തിയതായി മഞ്ഞിൻമേൽക്കുടിയിൽ കാർഷിക നഴ്‌സറി നടത്തുന്ന കനകപ്പള്ളിയിലെ എബി പറയുന്നു. പരപ്പയിൽ കെ.കെ. നഴ്‌സറി നടത്തുന്ന തമ്പാൻ മാഷിനാകട്ടെ ഇത്തവണ കൂടുതൽ ചെലവായത് പച്ചക്കറിത്തൈകളാണ്. എല്ലാവരും ചുരുങ്ങിയ കാലംകൊണ്ട് കായ്ക്കുന്ന സങ്കരയിനം തൈകളാണ് തേടിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.