നീലേശ്വരം : വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും കോട്ടപ്പുറത്തേക്ക് എത്തിച്ചേരുന്ന പ്രവാസികൾക്കായി ക്വറന്റീൻ കേന്ദ്രമൊരുക്കി കോട്ടപ്പുറം ജമാഅത്ത് കമ്മിറ്റി.

സർക്കാർ നിർദേശിച്ച നിയമങ്ങൾ പാലിച്ചാണിത്. നീലേശ്വരം നഗരസഭാ അധികൃതരുടെ സാങ്കേതിക ഉപദേശങ്ങൾ തേടിയാണ് മാതൃകാ പ്രവർത്തനം. ജൂൺ ആദ്യവാരം പ്രവാസികൾ വരാൻതുടങ്ങിയതുമുതൽ തന്നെ ജമാഅത്ത് കമ്മിറ്റി ഹെൽപ് ഡെസ്ക് ഒരുക്കിയിരുന്നു.

എത്തിച്ചേരുന്ന പ്രവാസികൾക്ക് എയർപോർട്ടിൽനിന്നുള്ള യാത്രാസൗകര്യവും താമസവുമൊരുക്കുകയും ഭക്ഷണമെത്തിച്ചും വന്നവർക്കും അവരുടെ കുടുംബങ്ങൾക്കും നാട്ടുകാർക്കും ബോധവത്കരണം നടത്തുകയും ചെയ്തിരുന്നു.

ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എം.കരീം ഹാജി, എൻ.പി.മുഹമ്മദ് കുഞ്ഞി ഹാജി, ഇബ്രാഹിം പറമ്പത്ത്, റഫീഖ് കോട്ടപ്പുറം, എൻ.പി.സൈനുദ്ദീൻ, കോട്ടയിൽ മുഹമ്മദ് കുഞ്ഞി ഹാജി തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.