നീലേശ്വരം: പരിക്കേറ്റ് അവശനിലയിൽ കാരിപുഴയിൽ കണ്ടെത്തിയ കടലാമയെ മണൽവാരൽ തൊഴിലാളി രക്ഷപ്പെടുത്തി. വേലിയേറ്റത്തിൽ അഴിമുഖത്തിലൂടെ പുഴയിലെത്തിയ കടലാമയെ കാരിയിലെ വി.രഘുവാണ് നെയ്തൽ പ്രവർത്തകൻ കെ.പ്രവീൺ കുമാറിനെ ഏൽപ്പിച്ചത്.

വലയിൽ കുടുങ്ങി മുൻകാലിലും പുറത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. ഹോക്സ്ബിൽ എന്ന അപൂർവ ഇനത്തിൽപ്പെട്ട കടലമായാണിത്. പരുന്തിന്റെ രൂപസാദൃശ്യമുള്ള ഇതിനെ പരുന്തനാമ എന്നാണ് പറയുന്നത്. ഇവയുടെ സഞ്ചാരപാതയാണ് കേരളതീരം.

കണവ മീനിനെ പിടിക്കാനായി കടലിൽ ഇട്ടുവെക്കാറുള്ള വലകളിൽ കുടുങ്ങി വർഷംതോറും നിരവധി ആമകൾ പരിക്കേറ്റും ചത്തും കരയിലെത്താറുണ്ടെന്ന് പ്രവീൺകുമാർ പറഞ്ഞു. നിരോധിത മീൻപിടിത്ത രീതിയായ കണവ പാരുകളും കണ്ണൂർ-കാസർേകാട് ജില്ലകളുടെ കടലിൽ ധാരാളം നിക്ഷേപിച്ചിട്ടുണ്ട്.

ആൾപ്പെരുമാറ്റം കുറഞ്ഞ കടൽത്തീരങ്ങളിൽ രാത്രിയിലാണ് പാര് നിക്ഷേപിക്കുന്നത്. ഇത്തരം അനധികൃത മീൻപിടിത്തം നാട്ടുകാരുടെയും അധികൃതരുടെയോ കണ്ണിൽപ്പെടാറില്ല. കടലാമകളുടെ അന്തകരാകുന്ന മീൻപിടിത്തക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് നെയ്തൽ പ്രവർത്തകർ ആവശ്യപ്പെട്ടു.