നീലേശ്വരം: പ്രളയത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടിന് നാശനഷ്ടമുണ്ടായവർക്ക് ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. കരിന്തളം കിനാനൂർ പ്രദേശത്തെ തേജസ്വിനി പുഴ കരകവിഞ്ഞ് നിരവധി വീടുകളാണ് വെള്ളവും ചെളിയും കയറിയത്. വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ ഉണ്ടായി. സർക്കാർ നിയോഗിച്ച റവന്യൂ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി നഷ്ടപരിഹാരത്തിന് ഒട്ടേറെ വീടുകൾക്ക് യോഗ്യതയുണ്ടെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, നഷ്ടപരിഹാരത്തുക ഇതുവരെയും നൽകാൻ തയ്യാറായിട്ടില്ലെന്നാണ് ജനങ്ങളുടെ പരാതി. പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് ഫണ്ട് അനുവദിക്കാത്തതാണ് നഷ്ടപരിഹാരം വൈകാൻ കാരണമെന്നാണ് സൂചന. അതേസമയം, പരിശോധനാ റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ടെന്ന് കിനാനൂർ വില്ലേജ് ഓഫീസർ അറിയിച്ചു.