നീലേശ്വരം: ഉടുമ്പിനെ കൊന്ന് കറിവെച്ച സംഭവത്തിൽ വനംവകുപ്പ് ഒരാളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ചായ്യോം വാഴപ്പന്തലിലുണ്ടായ സംഘർഷത്തിൽ 46 പേർക്കെതിരേ നീലേശ്വരം പോലീസ് കേസെടുത്തു. ഉടുമ്പിനെ കൊന്ന് കറിവെച്ച സംഭവം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാരോപിച്ച് വീടുകയറി ആക്രമിച്ചുവെന്ന ചായ്യോം വാഴപ്പന്തലിലെ ബിജുവിന്റെ ഭാര്യ വിനീതയുടെ പരാതിയിൽ 41 പേർക്കെതിരേയാണ് കേസ്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അക്രമം. വേണു (35), മുനീർ (35), ബിജു (25), സുരേശൻ (35), പ്രതാപൻ (32), രതീഷ് (34), ഷംസു (30), ശശി (32), ദിനു (42), ബിജു (35) എന്നിവർക്കും കണ്ടാലറിയാവുന്ന 31 പേർക്കെതിരേയുമാണ് കേസ്.
വീട്ടുപകരണങ്ങൾ നശിപ്പിച്ചതിൽ പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായും വിനീതയുടെ പരാതിയിൽ പറയുന്നു. ശനിയാഴ്ച വൈകീട്ട് ചായ്യോം കോളനിക്ക് സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് കിട്ടിയ ഉടുമ്പിനെ കൊന്ന് കറിവെക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് വനംവകുപ്പിന്റെ കാസർകോട് ഫ്ളയിങ് സ്‌ക്വാഡ് ചായ്യോം ബസാർ ലക്ഷ്മി നിലയത്തിലെ സി.ചന്ദ്രനെ (42) അറസ്റ്റ് ചെയ്ത്.
തന്നെയും കുട്ടികളെയും അക്രമിച്ചുവെന്ന ചന്ദ്രന്റെ ഭാര്യ ജയന്തിയുടെ പരാതിയിൽ വിനീത, ബിജു, രാധാകൃഷ്ണൻ, ഓമന, ഗോകുൽ എന്നിവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഉടുമ്പിനെ കൊന്ന ചായ്യോം വാഴപ്പന്തൽ ആറാട്ടുകടവ് ഹൗസിലെ ടി.എം.അഷ്റഫ് (53) ആണ് കേസിലെ ഒന്നാം പ്രതി. ഇയാൾ ഇപ്പോഴും ഒളിവിലാണ്.