നീലേശ്വരം: എക്സൈസ് വകുപ്പിന്റെ ലഹരിവർജന മിഷൻ ‘വിമുക്തി’ പദ്ധതിയുടെ തീവ്രയജ്ഞ ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടകനായ മന്ത്രി ഇ.ചന്ദ്രശേഖരനെ സാക്ഷിയാക്കി മാന്ത്രികൻ സുധീർ മാടക്കത്തിന്റെ സിഗരറ്റ് ത്രൂ ബോഡി ജാലവിദ്യ.

ശൂന്യമായ ഗ്ലാസ് ബോക്സ് അടച്ചുവെച്ചതിനുശേഷം മന്ത്രിക്ക് മാന്ത്രികദണ്ഡ് കൈമാറി. മന്ത്രി മൂന്നുപ്രാവശ്യം ബോക്സിനുമുകളിൽ മാന്ത്രികദണ്ഡ് ചുഴറ്റി. തുടർന്ന് ബോക്സ് തുറന്നുനോക്കുമ്പോൾ തലയോട്ടി പ്രത്യക്ഷപ്പെട്ടു.

ബോക്സിനകത്തുനിന്ന്‌ ‘മദ്യവും മയക്കുമരുന്നും പുകയില ഉത്‌പന്നങ്ങളും നമുക്കുവേണ്ട’ എന്ന ആ വലിയ ബാനർ മന്ത്രിയും പരിപാടിയുടെ അധ്യക്ഷനായ എം.രാജഗോപാലൻ എം.എൽ.എ.യും കാണികളെ കാണിച്ചു.

മാന്ത്രികൻ സിഗരറ്റ് ബോക്സിൽനിന്ന് മൂന്ന് വലിയ സിഗരറ്റ് പുറത്തേക്കെടുത്തു. സിഗരറ്റുകൾ ബോക്സിനുമുകളിൽ കുത്തിവെച്ചു. യുവാവിനെ ആ സിഗരറ്റകൾക്കുമുകളിൽ കിടത്തി. മാന്ത്രികൻ അംഗവിക്ഷേപങ്ങൾ ചെയ്യുമ്പോൾ പെട്ടെന്ന് ആ സിഗരറ്റ് ആ യുവാവിന്റെ വയറുതുളച്ച് പുറത്തേക്കുവരുന്ന കാഴ്ചയാണ് കാണികൾ കണ്ടത്. നീലേശ്വരം സ്വദേശിയായ മജീഷ്യൻ സുധീർ മാടക്കത്ത് കഴിഞ്ഞ 28 വർഷമായി പ്രൊഫഷണൽ മാജിക് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ, നീലേശ്വരം നഗരസഭാ ചെയർമാൻ പ്രൊഫ. കെ.പി.ജയരാജൻ, കാഞ്ഞങ്ങാട് സബ് കളക്ടർ അരുൺ കെ. വിജയൻ, എ.എസ്.പി. ബി.പ്രശോഭ്, എക്സൈസ് കമ്മിഷണർ മാത്യു കുര്യൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർ എൻ.ജി.രഘുനാഥ് എന്നിവരും സംസാരിച്ചു.