നീലേശ്വരം: സംസ്ഥാനത്തെ ആദ്യ തിരഞ്ഞെടുപ്പിൽ നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ ഇ.എം.എസിനൊപ്പം മത്സരിച്ച കല്ലളൻ വൈദ്യർക്ക് സ്മാരകം ഒരുങ്ങുന്നു. ഇതിനായി കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ മൂന്നുകോടി രൂപ അനുവദിച്ചിരുന്നു. അതിൽ അദ്യഗഡുവായി രണ്ടുകോടി രൂപ സർക്കാർ നീക്കിവെച്ചു. 1957-ൽ ആണ് നീലേശ്വരം ദ്വയാംഗമണ്ഡലത്തിൽനിന്ന്‌ ഇടതുസ്ഥാനാർഥികളായ ഇ.എം.എസും കല്ലളൻ വൈദ്യരും ജയിച്ചത്. ഇ.എം.എസ്. മുഖ്യമന്ത്രിയാവുകയും ചെയ്തു.

കല്ലളൻ വൈദ്യരുടെ പേരിൽ ആദ്യമായാണ് ഒരു സ്മാരകം ഒരുങ്ങുന്നത്. ഇതിനായി നീലേശ്വരം നഗരസഭയുടെ അധീനതയിലുള്ള സ്ഥലം വിട്ടുനൽകുമെന്ന് നഗരസഭാ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ അറിയിച്ചു. നീലേശ്വരം നഗരസഭാ കൗൺസിൽ യോഗതീരുമാനത്തിന്റെ ഭാഗമായി നഗരസഭാ ചെയർമാനും വിദ്യഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ പി.പി.മുഹമ്മദ്റാഫിയും മുൻ എം.പി. പി.കരുണാകരൻ മുഖാന്തരം മന്ത്രി എ.കെ.ബാലന് നിവേദനം നൽകിയിരുന്നു. അതിന്റെ ഭാഗമായാണ്‌ കല്ലളൻ വൈദ്യർ സ്മാരക സാംസ്കാരിക സമുച്ചയത്തിന് അനുമതി ലഭിക്കുന്നത്.

സമുച്ചയം ഇങ്ങനെ

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ കലകൾക്ക് പരിശീലനം നൽകുന്ന കേന്ദ്രം, തനത്, അനുഷ്ടാന കലകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഇൻഡോർ, ഒാപ്പൺ ഓഡിറ്റോറിയങ്ങൾ, ചരിത്രവും പാരമ്പര്യവും സംസ്കാരവും പുതുതലമുറയിലെത്തിക്കാൻ കലാരൂപങ്ങളുടെ മ്യൂസിയം, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന്റെ ഉത്പന്നങ്ങളുടെ വിപണനകേന്ദ്രം, ഗവേഷണ കേന്ദ്രം തുടങ്ങിയവ അടങ്ങുന്നതാവും സമുച്ചയം.