നീലേശ്വരം: നീലേശ്വരം നഗരസഭാപരിധിയിൽ വെള്ളപ്പൊക്കത്തിൽ വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിച്ചിരുന്ന കേടുപാടുകൾ സംഭവിച്ചതും ചീത്തയായതുമായ ആധാരം, റേഷൻ കാർഡ്, ആധാർ കാർഡ്, വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകളുടെ കേടുപാടുകൾ നീക്കി സംരക്ഷിക്കുന്നതിനുള്ള നടപടിയായി. തൃപ്പൂണിത്തുറ ആസ്ഥാനമായുള്ള പൈതൃക പഠനകേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടുകൂടിയാണ് ഈ സംരംഭം നഗരസഭ നടപ്പാക്കുന്നത്.

പൈതൃക പഠനകേന്ദ്രത്തിലെ വിദഗ്‌ധസംഘം നീലേശ്വരത്ത് എത്തിച്ചേർന്ന് രേഖകളുടെ കേടുപാടുകൾ പരിഹരിച്ച് നൽകുന്നതാണ്. ഇതുസംബന്ധിച്ച് നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി.ജയരാജൻ പൈതൃക പഠനകേന്ദ്രത്തിലെ ഉന്നതാധികാരികളുമായി ചർച്ചനടത്തി നടപടികൾ പൂർത്തിയാക്കി. വിദഗ്‌ധസംഘം അടുത്തുതന്നെ നീലേശ്വരത്ത് എത്തിച്ചേരും. ഇതോടൊപ്പം നഗരസഭാപരിധിയിൽ സ്കൂൾ-കോളേജ് വിദ്യാർഥികളുടെ നഷ്ടപ്പെട്ടുപോയ നോട്ടുബുക്കുകൾക്ക് പകരം പുതിയ നോട്ട് ബുക്കുകൾ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കുടിവെള്ള വിതരണത്തിനായുള്ള നടപടികളും പുരോഗമിക്കുകയാണ്.