നീലേശ്വരം: ഹരിതകേരളം മിഷന്റെ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ മുഴുവൻ അങ്കണവാടികളിലും ബയോഗ്യാസ് പ്ലാന്റ് നിർമാണം പൂർത്തിയായി. ഒരോ അങ്കണവാടിക്കും 13,500 രൂപ അനുവദിച്ച് സംസ്ഥാന ശുചിത്വമിഷൻ അംഗീകരിച്ച സോഷ്യോ എക്കണോമിക് ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ സാങ്കേതികസഹായത്തോടെയാണ് നഗരസഭയിൽ പദ്ധതി നടപ്പാക്കിയത്.
അങ്കണവാടികളുടെ പരിസരങ്ങളിലുള്ള വീടുകളിലെ ജൈവമാലിന്യം അങ്കണവാടി വെൽഫെയർ കമ്മിറ്റികൾ ശേഖരിച്ച് പ്ലാന്റിൽ നിക്ഷേപിക്കും. അതിൽനിന്ന് ഉത്പാദിപ്പിക്കുന്ന പാചകവാതകം ഉപയോഗിച്ചുകൊണ്ട് കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കും. പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം പൊടോത്തുരുത്തി അങ്കണവാടിയിൽ ചെയർമാൻ പ്രൊഫ. കെ.പി.ജയരാജൻ നിർവഹിച്ചു. വാർഡ് കൗൺസിലർ എം.വി.വനജ അധ്യക്ഷതവഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ മുഖ്യാതിഥിയായിരുന്നു. പി.രാധ, പി.എം.സന്ധ്യ, തോട്ടത്തിൽ കുഞ്ഞിക്കണ്ണൻ, എ.വി.സുരേന്ദ്രൻ, പി.വി. രാധാകൃഷ്ണൻ, പി.കെ.രതീഷ്, പി.ഭാർഗവി, എ.രമ, എ.കെ.കുമാരൻ തുടങ്ങിയവർ സംസാരിച്ചു.