നീലേശ്വരം: വെള്ളിയാഴ്ച രാവിലെ മുതൽ തകർത്തുപെയ്ത മഴയിൽ നീലേശ്വരം, കാര്യങ്കോട് പുഴകൾ ഏതുനേരവും കരകവിഞ്ഞു. ഉൾനാടൻ തോടുകളും ചാലുകളും കരകവിഞ്ഞൊഴുകയാണ്. ഇതോടെ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലായി. കിനാനൂർ-കരിന്തളം പഞ്ചായത്തിൽ കിണാവൂർ റോഡിലെ രാജീവ് ഗാന്ധി കോളനിയിൽ നാല് കുടുംബങ്ങളെ മാറ്റി.

വെള്ളരിക്കുണ്ട് തഹസിൽദാർ പി.കുഞ്ഞിക്കണ്ണന്റെ നിർദേശ പ്രകാരം കിനാനൂർ ജി.എൽ.പി.എസിലേക്കാണ് മാറ്റിയത്. ഗിരീഷ്, കുമാരൻ, ബാലൻ, സാവിത്രി എന്നിവരുടെ കുടുംബങ്ങളിലായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേരെയാണ് കിനാനൂർ വില്ലേജ് ഓഫിസർ എ.ബാബുവിന്റെ നേതൃത്വത്തിൽ ഇങ്ങോട്ടേക്ക് മാറ്റിയത്.

കാലിച്ചാമരത്തെ ജോബി മാത്യുവിന്റെ വീടിന് അടുത്തിടെ നിർമിച്ച മതിൽ തകർന്നു. പുതിയ വീടിനു പിറകിലെ ആസ്ബസ്റ്റോസ് ഷീറ്റ് കാറ്റിൽ പറന്നു. വെള്ളിയാഴ്ച ഞാറുനടീൽ പൂർത്തിയാക്കാനിരിക്കെ പാറക്കോൽ പാടശേഖരത്തിൽ വെള്ളംകയറി കൃഷിപ്പണി നിർത്തിവച്ചു. കിണാവൂർ, കീഴ്‌മാല, പാറക്കോൽ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കൂവാറ്റിയിലെ പ്രഭന്റെ വീട്ടിൽ വെള്ളം കയറി . തൊട്ടടുത്ത് ഫോട്ടോഗ്രാഫർ വി.കെ.മധുവിന്റെ വീട്ടിലും വെള്ളം കയറി. ഇരുകുടുംബങ്ങളും സമീപത്തേക്കു താമസം മാറി.

റെയിൽവേ സ്റ്റേഷനു സമീപത്തെ വാഹനങ്ങൾ വെള്ളത്തിലായി

നീലേശ്വരം: റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിന് സമീപം രാവിലെ വാഹനങ്ങൾ നിർത്തിയിട്ടു പോയവർ വൈകിട്ടെത്തിയപ്പോൾ കണ്ടത് വെള്ളത്തിൽ മുങ്ങിത്താഴുന്ന വാഹനങ്ങൾ. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ രണ്ടാംനമ്പർ പ്ലാറ്റ്‌ഫോമിൽനിന്ന്‌ കിഴക്കോട്ട് നീട്ടിയ മേൽപ്പാലം അവസാനിക്കുന്ന സ്ഥലത്തിന് സമീപം വാഹനം നിർത്തിയിട്ടവരാണ് പെട്ടുപോയത്. വൈകുന്നേരത്തോടെയാണ് ഇവിടെ വെള്ളം ഉയരാൻ തുടങ്ങിയത്.

സാമൂഹികമാധ്യമങ്ങളിൽ ചിത്രം സഹിതം സന്ദേശങ്ങൾ വന്നെങ്കിലും വാഹന ഉടമകൾ ശ്രദ്ധിച്ചില്ല. വൈകിട്ട് തീവണ്ടിയിറങ്ങിയപ്പോഴാണ് അപകടം മനസ്സിലായത്. നാട്ടുകാരുടെയും യാത്രക്കാരുടെയും സഹായത്തോടെ വാഹനങ്ങൾ പൊക്കിയെടുത്ത്‌ മെക്കാനിക്കിന്റെ അടുത്തെത്തിക്കാനുള്ള തത്രപ്പാടായിരുന്നു പിന്നെ.

ചെളിയിൽ മുങ്ങി പള്ളിക്കര

നീലേശ്വരം: ദേശീയപാതയിൽ നിർമാണത്തിലിരിക്കുന്ന പള്ളിക്കര മേൽപ്പാലത്തിനുസമീപം താമസിക്കുന്നവർ പറമ്പിൽ ചെളിയും മഴവെള്ളവും കയറി ദുരിതത്തിൽ. ചില ഭാഗങ്ങളിൽ ചെളിവെള്ളം കിണറുകളിലേക്കും ഒഴുകിയെത്തിയിട്ടുണ്ട്. നാലു കുടുംബങ്ങൾ താമസം മാറി. റിട്ട. ഫോറസ്റ്റർ പി.സി.കരുണാകരൻ, ഇ.വി.സുനിൽ, കൊഴുവൽ കല്യാണി, ഇസ്മായിൽ പള്ളിക്കര എന്നിവരുടെ കുടുംബങ്ങളാണ് കുടിയൊഴിഞ്ഞ് ബന്ധുവീടുകളിൽ അഭയം തേടിയത്.

മൺസൂൺ അവധിക്കായി പണിക്കാർ നേരത്തേതന്നെ ഇവിടം വിട്ടിരുന്നു. മേൽപ്പാലം പണിക്കായി ഇവിടെ റോഡുയർത്തിയതോടെ ഓവുചാൽ മുഴുവൻ അടഞ്ഞതാണ് ദുരിതം ഇരട്ടിപ്പിച്ചത്. റെയിൽവേ ഗേറ്റിനു കിഴക്കുഭാഗത്ത് സ്ഥിതി കൂടുതൽ ഗുരുതരമാണ്.