നീലേശ്വരം: ആപത്തിൽ സഹായിക്കാനെത്തുന്നവരാണ് യഥാർഥ സഹപാഠികളും സുഹൃത്തുക്കളും. ജീവനോപാധിയായ ഓട്ടോറിക്ഷ ഒരുവിഭാഗം കത്തിച്ചു. ഇനിയെന്തെന്നാലോചിച്ച് തളർന്നുപോയ നീലേശ്വരം വി.എസ്. ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളി കരുവാച്ചേരിയിലെ ഇ.ഹരീഷിന് കൈത്താങ്ങായി നീലേശ്വരം രാജാസ് ഹെസ്കൂളിലെ സഹപാഠികൾ രംഗത്തെത്തി.

എസ്.എസ്.എൽ.സി. കൂട്ടായ്മയായ ‘ഓർമച്ചെപ്പി’ലെ സഹപാഠികൾ ഓട്ടോറിക്ഷവാങ്ങി ഹരീഷിന് കൈമാറി. പുതുക്കൈയിലെ നിർധനകുടുംബത്തിന് വീട് പണിതുനൽകിയതുൾപ്പെടെ ചുരുങ്ങിയ കാലയളവിൽ ഒട്ടേറെ ജീവകാരുണ്യപ്രവർത്തനം നടത്തി.

സഹപാഠികളിൽ ആർക്കെങ്കിലും പ്രയാസം നേരിട്ടെന്നറിയുമ്പോൾ അവരെ ഒഴിവാക്കിയുള്ള വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി ചർച്ചനടത്തിയാണ് ധനസമാഹരണം നടത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഹരീഷിന്റെ ഓട്ടോറിക്ഷ കത്തിച്ചത്. വീട്ടിലേക്ക് റോഡില്ലാത്തതിനാൽ റോഡരികിലാണ് ഓട്ടോറിക്ഷ നിർത്തിയിരുന്നത്. അയൽവാസിയാണ് ഓട്ടോറിക്ഷ കത്തുന്നത് അറിയിച്ചത്.

തീയണച്ചെങ്കിലും പൂർണമായും നശിച്ചിരുന്നു. സഹപാഠികൾ സ്വരൂപിച്ച 1,60,000 രൂപ ചെലവിട്ടാണ് ഓട്ടോ വാങ്ങിയത്. താക്കോൽ കൈമാറ്റ ചടങ്ങിൽ ഒട്ടോറിക്ഷാ തൊഴിലാളി യൂണിയൻ ഭാരവാഹികളായ ഉണ്ണി നായർ, കെ.മുരളീധരൻ, ഓർമച്ചെപ്പ് കൂട്ടായ്മയിലെ അനിൽകുമാർ, ഗോപിനാഥ്, പ്രവീൺ, രാജേഷ്ബാബു, രമേശൻ എറുവാട്ട്, ജയന്തി ചെറുവത്തൂർ, ശൈലജ പാലായി, പുഷ്പ പാലിയേറ്റീവ് തുടങ്ങിയവർ സംബന്ധിച്ചു.