നീലേശ്വരം: ആരംഭിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും മുഴുവൻ കിടക്കകളും നിറഞ്ഞിരിക്കുകയാണ് നീലേശ്വരം വള്ളിക്കുന്ന് താലൂക്ക് ആസ്പത്രിയിലെ ലഹരിമോചന ചികിത്സാകേന്ദ്രത്തിൽ. എക്‌സൈസ് വകുപ്പ് വിമുക്തി പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രത്തിന് തുടക്കംകുറിച്ചത്.

ഇത് ലഹരിയുടെ ലോകത്തേക്ക് വഴിതെറ്റിപ്പോകുന്നവർക്ക് ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് തിരിച്ചുവരാനുള്ള വഴിയായി മാറി. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിവരുന്നത്. ചികിത്സാകേന്ദ്രത്തിലെത്തുന്നവരെ പരിശോധിക്കാൻ ഒ.പി. വിഭാഗം കഴിഞ്ഞ നവംബറിൽത്തന്നെ ആരംഭിച്ചിരുന്നു.

ദിവസേന ശരാശരി പത്തുപേരെങ്കിലും ഇവിടെ ചികിത്സ തേടുന്നുണ്ട്. ഫെബ്രുവരി 19-ന് പത്ത് കിടക്കകളോടുകൂടിയ വാർഡിന്റെയും പ്രവർത്തനമാരംഭിച്ചു. അതാണ് ഇപ്പോൾ നിറഞ്ഞിരിക്കുന്നത്. അസിസ്റ്റന്റ് സർജൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, സോഷ്യൽ വർക്കർ എന്നിവരടക്കം 11 പേരുടെ സേവനം ഇവിടെ ലഭ്യമാണ്.

കൃത്യമായി ചികിത്സ നേടിയാൽ 21 ദിവസത്തിനകം ലഹരിയിൽനിന്നു മുക്തിനേടാൻ കഴിയുമെന്നാണ് വിമുക്തി മെഡിക്കൽ ഓഫീസർ ഡോ. ശരണ്യ പറയുന്നത്. നിലവിൽ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് സൈക്യാട്രിസ്റ്റിന്റെ സേവനം ലഭിക്കുന്നത്. സ്ഥിരനിയമനം ഉടൻ ഉണ്ടാകും.

ചികിത്സയ്ക്കായി എത്തുന്നവർക്ക് സർക്കാർ നൽകുന്ന പാൽ, ബ്രെഡ്, ഉച്ചക്കഞ്ഞി, രാത്രി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ നൽകുന്ന പൊതിച്ചോറ്് എന്നിവയും ലഭിക്കുന്നുണ്ട്. താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദാണ് കേന്ദ്രത്തിന്റെ പ്രവർത്തനത്തിന്‌ നേതൃത്വം വഹിക്കുന്നത്.

അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിച്ച് കിടക്കകളുടെ എണ്ണം ഇരട്ടിയാക്കിയും സൈക്യാട്രിസ്റ്റിന്റെ സ്ഥിരം നിയമനം വേഗത്തിൽ സാധ്യമാക്കിയും സ്ഥാപനം വികസിപ്പിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

സഹായത്തിനായി വിളിക്കാം

ലഹരിചികിത്സാകേന്ദ്രത്തിന്റെ സേവനം ലഭിക്കാൻ: നീലേശ്വരം ഡി അഡിക്ഷൻ സെന്റർ- 04672282933, കാസർകോട് എക്‌സൈസ് ഡിവിഷൻ ഓഫീസ്- 04994256728, കാസർകോട് എക്‌സൈസ് സർക്കിൾ ഓഫീസ്- 04994255332, ഹൊസ്ദുർഗ് സർക്കിൾ ഓഫീസ്- 04672204125.