ചെർക്കള: മഹത്തായ ഭാരതീയ സംസ്കാരത്തെയും ഹൈന്ദവ സംസ്കാരത്തെയും വികലമാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എൻ.എ.ഖാദർ എം.എൽ.എ. പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് യുവജനയാത്രയ്ക്ക് നായന്മാർമൂലയിൽ നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ സംസ്കാരമല്ല ഭാരതീയ ജനതാപാർട്ടിയുടെ സംസ്കാരം. ഇത് വരുത്തിതീർക്കാനുള്ള ശ്രമമാണ് ബി.ജെ.പി. നടത്തുന്നത്.

കാസർകോട് നിയോജക മണ്ഡലം കമ്മിറ്റിയൊരുക്കിയ സ്വീകരണയോഗത്തിൽ സംഘാടക സമിതി ചെയർമാൻ എ.എം.കടവത്ത് അധ്യക്ഷനായിരുന്നു. ജാഥാ ക്യാപ്റ്റൻ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, വൈസ് ക്യാപ്റ്റൻ പി.കെ.ഫിറോസ്, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി, ജില്ലാ പ്രസിഡന്റ് എം.സി.ഖമറുദ്ദീൻ, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ., എ.അബ്ദുൾറഹ്‌മാൻ, എം.എ.സമദ്, നജീബ് കാന്തപുരം, അഷറഫ് എടനീർ തുടങ്ങിയവർ സംസാരിച്ചു.

കുമ്പളയിൽനിന്നാണ് ആദ്യദിവസത്തെ യാത്ര തുടങ്ങിയത്. കുമ്പളയിൽ നടന്ന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ.സലാം ഉദ്ഘാടനംചെയ്തു. യൂത്ത്‌ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് യൂസഫ് ഉളുവാർ അധ്യക്ഷനായിരുന്നു. വർഗീയതയ്ക്കെതിരേ പ്രായോഗികവും പ്രാദേശികവുമായ ഇടപെടലുകൾ അനിവാര്യമാണെന്ന്‌ ജാഥാ നായകൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ., സി.മമ്മുട്ടി, ആബിദ് ഹുസൈൻ തങ്ങൾ, പി.ഉബൈദുള്ള, ടി.വി.ഇബ്രാഹീം, ഷിബു മീരാൻ തുടങ്ങിയവർ സംസാരിച്ചു. യാത്ര തിങ്കളാഴ്ച രാവിലെ എട്ടിന് ഉദുമയിൽനിന്നാരംഭിക്കും. വൈകീട്ട് ആറിന് കാഞ്ഞങ്ങാട്ട് സമാപിക്കും.