കാസർകോട്: 1984-ൽ കാസർകോട് ജില്ല രൂപംകൊണ്ട ശേഷം ജില്ലയിൽ മുസ്‌ലിം ലീഗിന്റെ അധ്യക്ഷപദവിയിലെത്തുന്ന നാലാമത്തെ അബ്ദുള്ളയാണ് തളങ്കര ഇബ്രാഹിം അബ്ദുള്ള എന്ന ടി.ഇ.അബ്ദുള്ള. എ.പി.അബ്ദുള്ള, കെ.എസ്.അബ്ദുള്ള, ചെർക്കളം അബ്ദുള്ള എന്നിവരാണ് മുമ്പ് ഈ പദവി അലങ്കരിച്ച അബ്ദുള്ളമാർ. ഹമീദലി ഷംനാട്, എം.സി.ഖമറുദ്ദീൻ എന്നിവരായിരുന്നു അബ്ദുള്ളയല്ലാത്ത അമരക്കാർ. സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി.മാഹിൻ ഹാജിയുടെയും സെക്രട്ടറി അബ്ദുൾ റഹ്‌മാൻ കല്ലായിയുടെയും സാന്നിധ്യത്തിൽ തിങ്കളാഴ്ച ചേർന്ന ജില്ലാ പ്രവർത്തകസമതിയാണ് “ടി.ഇ.”എന്ന് സ്നേഹിതർ വിളിക്കുന്ന ഈ 62-കാരനെ തിരഞ്ഞെടുത്തത്.

ജില്ലയിൽ രണ്ട് എം.എൽ.എ.മാരുള്ള, ജില്ലാ പഞ്ചായത്ത് അടക്കം നിരവധി തദ്ദേശ സ്ഥാപനങ്ങളുടെ ഭരണവും കയ്യാളുന്ന പാർട്ടിയെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് അദ്ദേഹത്തിന്. ന്യൂനപക്ഷ സമുദായം നേരിടുന്ന കാലഘട്ടത്തിന്റെ വെല്ലുവിളികളാണ് മറ്റൊന്ന്.

എതിരാളികൾക്കുപോലും ടി.ഇ. സൗമ്യതയുടെ പ്രതീകമാണ്. പ്രസംഗത്തിൽ ചരിത്രത്തിന്റെ പിൻബലം കാണാം. പക്ഷെ, കടുത്ത പ്രയോഗങ്ങളോ പരിഹാസങ്ങളോ ഇല്ല. ഇടിമുഴക്കങ്ങളില്ലാത്ത, പാണക്കാട് ശിഹാബലി തങ്ങളുടേതുപോലുള്ള ലളിത ശൈലി. പുഞ്ചിരിച്ചുകൊണ്ടല്ലാതെ അദ്ദേഹത്തെ കാണാനാകില്ല. മറവി പൊതുവെ വ്യാപകമായ ഈ കാലത്തും ഒരിക്കൽ പരിചയപ്പെട്ട ആളുടെപോലും പേര് ഓർത്തിരിക്കും. മുസ്‌ലിം ലീഗിന്റെയും കേരളരാഷ്ട്രീയത്തിന്റെയും ചരിത്രം കൃത്യമായി ഓർമയിൽനിന്ന് പറയും. പത്രമാധ്യമങ്ങളിൽ എഴുതിത്തെറ്റിക്കുന്നവരെ സൗമ്യമായി തിരുത്തും. രാഷ്ട്രീയ-ചരിത്ര പുസ്തകങ്ങൾക്കുപുറമെ ജീവചരിത്രവും ആത്മകഥകളുമാണ് വായിക്കാനിഷ്ടം.

കാസർകോട് മുൻ എം.എൽ.എ. ടി.എ.ഇബ്രാഹിമിന്റെയും സൈനബ ഹജ്ജുമ്മയുടെയും മകനായ അബ്ദുള്ളയുടെ രാഷ്ട്രീയപ്രവേശം കാസർകോട് ഗവ. ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ എം.എസ്.എഫ്. യൂണിറ്റ് വൈസ് പ്രസിഡൻറായിട്ടാണ്. പിന്നെ യൂത്ത് ലീഗിലൂടെ വളർന്ന് പാർട്ടിയുടെ തളങ്കര വാർഡ് സെക്രട്ടറിയായി. ദീർഘകാലം അവിഭക്ത കണ്ണൂർ ജില്ലാ പ്രവർത്തകസമതി അംഗമായിരുന്നു. 1997-ലാണ് ഇവിടെ ജില്ലാ വൈസ് പ്രസിഡന്റായത്. ജില്ലാ പ്രസിഡന്റായ എം.സി.ഖമറുദ്ദീൻ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി പത്രിക കൊടുത്ത 2019 ഒക്ടോബർ ഒമ്പതുമുതൽ ജില്ലാ പ്രസിഡന്റിന്റെ ചുമതല വഹിച്ചുവരികയായിരുന്നു.

അഞ്ചുതവണ കാസർകോട് നഗരസഭയിൽ അംഗമായിരുന്ന അബ്ദുള്ള രണ്ടുതവണ തളങ്കര വാർഡിൽനിന്ന് എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നുതവണ നഗരപിതാവായി. 1994-95ൽ ആക്ടിങ്‌ ചെയർമാനായിരുന്ന അദ്ദേഹം 2000-05, 2005-10, 2010-15 കാലയളവിൽ ചെയർമാനായി. ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ്, കാസർകോട് സംയുക്ത ജമാഅത്ത് സെക്രട്ടറി, കാസർകോട് വികസനസമിതി ചെയർമാൻ, സംസ്ഥാന വികസന കൗൺസിൽ അംഗം, സംസ്ഥാന മുനിസിപ്പൽ ചെയർമാൻമാരുടെ ചെയർമാൻ, ചേംബർ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.

കാസർകോട് സാഹിത്യവേദി പ്രവർത്തകസമതി അംഗമാണ്. ഭാര്യ: സാറ. മക്കൾ: കംപ്യൂട്ടർ എൻജിനീയർ ഫാത്തിമത്ത് ഹസീന, ഡോ. സൈനബ സഫുവാന, ഖദീജത്ത് റസീന, ആഷിക് ഇബ്രാഹിം.