ചിറ്റാരിക്കാൽ: മദ്യത്തിനുവേണ്ടി കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് അതിരുമാവിലെ പുതിയ കൂട്ടത്തിൽ ദാമോദരന്റെ കൊലപാതകത്തിലേക് നയിച്ചതെന്ന് പോലീസന്വേഷണത്തിൽ തെളിഞ്ഞു. ദാമോദരനും മൂത്ത മകൻ അനീഷും സ്ഥിരമായി മദ്യപിക്കാറുണ്ടെന്ന് കോളനിനിവാസികൾ പോലീസിന് മൊഴി നൽകിയിരുന്നു.

ഇരുവരം ഇടയ്ക്കിടെ ഒന്നിച്ചിരുന്ന്‌ മദ്യപിക്കും. ഈ സമയങ്ങളിലെല്ലാം വലിയ വാക്‌തർക്കവും ബഹളവും ഉണ്ടാകും. പലപ്പോഴും ബഹളമവസാനിക്കുന്നത് കൈയാങ്കളിയിലും പരിസര വാസികളുടെയും വീട്ടുകാരുടെയും പിടിച്ചുമാറ്റലിലുമൊക്കെയായിരിക്കും.

കഴിഞ്ഞ ഒരു മാസമായി അനീഷ് കാസർകോട്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ട്‌ നാലുമണിയോടെയാണ് അതിരുമാവിൽ എത്തിയത്. വിദേശ മദ്യവുമായിട്ടാണ് അനീഷ് എത്തിയതെന്ന് വീട്ടുകാർ തന്നെ പറയുന്നു.

സഹോദരൻ കോട്ടമലയിലലേക്കും മറ്റുള്ളവർ തറവാട് വീട്ടിലേക്കും പോയ ശേഷമാണ് സംഭവങ്ങളുടെ തുടക്കം. മദ്യം പോരെന്നുപറഞ്ഞു തുടങ്ങിയ തർക്കം മറ്റു പല കാര്യങ്ങളിലേക്കെത്തുകയായിരുന്നുവെന്നാണ് അനീഷ് നൽകിയ മൊഴിയെന്ന് പോലീസ് പറഞ്ഞു.