മുള്ളേരിയ: അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ് മുള്ളേരിയ ടൗൺ. ബസ് കാത്തിരിക്കാനിടമില്ല, നടപ്പാതയില്ല, സീബ്രാലൈനില്ല. ടൗണിൽ തലങ്ങും വിലങ്ങുമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നനിലയിലാണ്. ഒരുവർഷം മുൻപ് പലയിടത്തും പാർക്കിങ് സൗകര്യമൊരുക്കി താത്കാലിക പരിഹാരം കണ്ടിരുന്നു. വാഹനങ്ങൾ കൂടിയതോടെ പാർക്കിങ് സൗകര്യം തികയാതെയായി.
ബസ് കാത്തിരിപ്പുകേന്ദ്രമില്ല
നാല് പഞ്ചായത്തുകാർ ആശ്രയിക്കുന്ന മലയോരത്തെ പ്രധാന ടൗണാണ് മുള്ളേരിയ. ബസ് കാത്തിരിക്കുകയെന്നത് ഇവിടെ ദുരിതമാണ്. ഏറെ കെട്ടിഗ്ഘോഷിച്ച സ്വകാര്യ ബസ് സ്റ്റാൻഡ് പദ്ധതിയും യാഥാർഥ്യമായില്ല. നിലവിലുണ്ടായിരുന്ന 65 വർഷം പഴക്കമുള്ള ബസ് കാത്തിരിപ്പുകേന്ദ്രം കൂടി പൊളിച്ചതോടെ പീടികത്തിണ്ണ മാത്രമാണ് യാത്രക്കാർക്ക് ആശ്രയം.
ബെള്ളൂർ, കുമ്പള, കാസർകോട് ഭാഗത്തേക്ക് പോകുന്നവരാണ് ഏറെ കഷ്ടപ്പെടുന്നത്. സന്നദ്ധസംഘടന നിർമിച്ച ചെറിയൊരു ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ഗുണം പൈക്ക-നെല്ലിക്കട്ട്, അഡൂർ, സുള്ള്യ ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് മാത്രമാണ് പ്രയോജനം.
തുടരുന്ന ഗതാഗതക്കുരുക്ക്
കാസർകോട്-ജാൽസൂർ സംസ്ഥാനപാതയിലെ പ്രധാന കവലയാണ് മുള്ളേരിയ. കാസർകോട്, ജാൽസൂർ, പൈക്ക, കുമ്പള, ബെള്ളൂർ എന്നീ അഞ്ച് റോഡുകൾ കൂടിച്ചേരുന്നിടം കൂടിയാണിത്. ബെള്ളൂർ, ബദിയഡുക്ക, കാസർകോട് ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകൾ റോഡിൽത്തന്നെയാണ് നിർത്തിയിടുന്നത്. ഇതുമൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു നടപടിയുമില്ല.
ടൗണിനോട് ചേർന്ന് സ്ഥലം ലഭ്യമല്ല എന്നതാണ് ബസ് സ്റ്റാൻഡ് നിർമാണത്തിനുള്ള തടസ്സം. അഡൂർ, ബെള്ളൂർ, ജാൽസൂർ, കിന്നിംഗാർ, ആദൂർ, കുമ്പള, ദേലംപാടി, ബദിയടുക്ക, മഞ്ഞംപാറ, കാറഡുക്ക തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് ആളുകൾ കച്ചവടം, ആസ്പത്രി, സ്കൂൾ തുടങ്ങിയവയ്ക്ക് ആശ്രയിക്കുന്നത് മുള്ളേരിയ ടൗണിനെയാണ്. കാറഡുക്ക പഞ്ചായത്തിലെ ഏക ടൗൺ കൂടിയാണിത്.
ദേലമ്പാടി, ബെള്ളൂർ, കുമ്പഡാജെ പഞ്ചായത്തുകാരുടെയും പ്രധാന ടൗണാണിത്. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എക്സൈസ്, കൃഷി, ബ്ലോക്ക് പഞ്ചായത്ത്, സി.ഐ., കെ.എസ്.ഇ.ബി. ഓഫീസുകൾ, പഞ്ചായത്ത്, പോസ്റ്റ് ഓഫീസ്, മൃഗാസ്പത്രി, പ്രാഥമിക ആരോഗ്യകേന്ദ്രം, ബാങ്കുകൾ, ടെലിഫോൺ എക്സേഞ്ച്, ആയുർവേദാസ്പത്രി തുടങ്ങിയ പല സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു.
ആഴ്ചച്ചന്തയും ബിവറേജ് ഔട്ട്ലെറ്റും വന്നതോടെ ടൗണിലെത്തുന്നവരുടെ എണ്ണം കൂടി. നൂറിലധികം ബസ്സുകൾ മുള്ളേരിയ ടൗണിലൂടെ ബെംഗളൂരു, കൊട്ടാരക്കര, കോട്ടയം, സുബ്രഹ്മണ്യ, ധർമസ്ഥലം അടക്കം പലഭാഗങ്ങളിലേക്കും പോകുന്നുണ്ട്.
സീബ്രാലൈനും നടപ്പാതയുമില്ല
അപകടകരമായ വിധത്തിലാണ് ബസ്സുകൾ ടൗണിന്റെ നടുക്കുള്ള സർക്കിളിൽ തിരിക്കുന്നത്. ഈ സ്ഥലത്ത് കുത്തനെ ചെരിവാണ്. സീബ്രാലൈനുകൾ എവിടെയൊക്കെ വേണമെന്നത് സംബന്ധിച്ച് പരിശോധന നടത്തിയെങ്കിലും നടപ്പായില്ല. ഇപ്പോൾ വാഹനങ്ങൾ ടൗണിൽത്തന്നെ തലങ്ങും വിലങ്ങും നിർത്തിയിടുന്നുണ്ട്.
മുള്ളേരിയ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ റോഡിലും കുമ്പള റോഡിലും നടപ്പാതയില്ല. 1500 കുട്ടികളാണ് ഈ രണ്ട് പാതയരികിലൂടെയും നടന്നുപോകുന്നത്. ഈ ഭാഗത്തുതന്നെയാണ് ബിവറേജസിന്റെ ഔട്ട്ലെറ്റുള്ളത്. ഇറക്കവും വീതിക്കുറവും കാരണം ഈ ഭാഗങ്ങളിൽ അപകടം പതിവാണ്.
വേണം പോലീസ് എയ്ഡ് പോസ്റ്റ്
മുള്ളേരിയ ടൗണിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും മുള്ളേരിയ ടൗണിൽനിന്ന് മംഗളൂരുവിലേക്ക് ബസ് സർവീസ് തുടങ്ങണമെന്നും വ്യാപാരികൾ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല. കുറച്ചുകാലം പാർക്കിങ് നിയന്ത്രിക്കുന്നതിന് പോലീസ് സേവനം ലഭിച്ചിരുന്നു. ഇപ്പോൾ
അതും നിലച്ചു.