ഇരിയ: കേരളത്തിൽ സ്ത്രീകൾക്കെതിരേ നടക്കുന്ന അതിക്രമങ്ങളിൽ പ്രതികളാകുന്നവരിൽ കൂടുതലും സി.പി.എമ്മുകാരാണെന്നും ഇക്കാര്യം കേരളീയസമൂഹത്തിന് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ കാഞ്ഞങ്ങാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീസുരക്ഷയും മഹിളാ ശാക്തീകരണവും പറഞ്ഞ് നവോത്ഥാനത്തിന്റെ പേരിൽ സ്ത്രീകളെ അണിനിരത്തി വനിതാമതിൽ തീർത്തവരാണ് സി.പി.എം. അവർ കേരളത്തിൽ എന്ത് സുരക്ഷയാണ് സ്ത്രീകൾക്കുവേണ്ടി ചെയ്തത്. സ്ത്രീസുരക്ഷ നഷ്ടപ്പെട്ട രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളമെന്ന് നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ കണ്ടെത്തിയതിനെക്കുറിച്ച് സി.പി.എമ്മിന് എന്തു പറയാനുണ്ടെന്നും മുല്ലപ്പള്ളി ചോദിച്ചു. അക്രമവും സ്ത്രീകളെ അപമാനിക്കുന്ന രാഷ്ട്രീയശൈലിയും കൈമുതലാക്കിയ ഇടതുമുന്നണിയും മോദിസർക്കാരും തുല്യമായ തോതിൽ ശിക്ഷ അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.വി.മാത്യു അധ്യക്ഷനായിരുന്നു. കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ, സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ, യു.ഡി.എഫ്. ജില്ലാ ചെയർമാൻ എം.സി.ഖമറുദ്ദിൻ, ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ വിനോദ്കുമാർ പള്ളയിൽവീട്, ഹരീഷ് പി.നായർ, ബാലകൃഷ്ണൻ പെരിയ, ധന്യാ സുരേഷ്, മുസ്‌ലിം ലീഗ് നേതാക്കളായ ബഷീർ വെള്ളിക്കോത്ത്, എം.പി.ജാഫർ, മഹിളാ കോൺഗ്രസ് നേതാവ് മീനാക്ഷി ബാലകൃഷ്ണൻ, ഹരീഷ് ബി.നമ്പ്യാർ, കെ.പി.മാത്യൂ, ഡി.വി.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Content Highlights; Mullappally Ramachandran, Rajmohan unnithan, 2019 loksabha election