കാസർകോട്: ബെംഗളൂരുവിൽനിന്ന് സന്നിധാനത്തേക്ക് അയ്യപ്പസ്വാമിയെ മനസ്സിൽ ധ്യാനിച്ചാണ് നടത്തം. ക്ഷീണമോ തളർച്ചയോ അലട്ടാത്ത ഈ നീണ്ട യാത്ര തുടങ്ങിയിട്ട് പതിനെട്ടുവർഷം പൂർത്തിയായി. ആയിരത്തിലേറെ കിലോമീറ്ററുകൾ താണ്ടി അയ്യപ്പനെ കാണാൻ ഇരുമുടിക്കെട്ടും തലയിലേന്തി നഗ്നപാദനായി ഇത്തവണയും മോഹന സ്വാമി എത്തുന്നുണ്ട്. എന്നാൽ ഇത്തവണത്തേതോടുകൂടി കാൽനടയായുള്ള മലയ്ക്കുപോക്ക് അവസാനിപ്പിക്കാനാണ് 67-കാരനായ മോഹന സ്വാമിയുടെ തീരുമാനം. വരുംവർഷങ്ങളിൽ വാഹനത്തിൽ പോക്ക് തുടരണം.
ബെംഗളൂരുവിലെ ബിഡദി സ്വദേശിയായ മോഹന കല്ലൂരായ അയ്യപ്പദർശനത്തിന് പോകുന്നത് 18-ാം തവണയാണ്, അതും ഒറ്റയ്ക്ക് കാൽനടയായി. 1999-ലാണ് മോഹന സ്വാമി ആദ്യമായി നടന്ന് ശബരിമലയ്ക്ക് പോയത്. ബെംഗളൂരുവിൽനിന്ന് മൈസൂരുവഴി കാസർകോട് മധൂരെത്തും. പിന്നീട് ഒരുദിവസത്തെ വിശ്രമം. പോകുംവഴിയുള്ള പ്രധാനക്ഷേത്രങ്ങളിലെല്ലാം ദർശനം നടത്തും. ക്ഷേത്രങ്ങളിൽനിന്നുള്ള നിവേദ്യവും സുഹൃത്തുക്കളായ തന്ത്രിമാരുടെ വീടുകളിൽനിന്നുമൊക്കെയാണ് ഭക്ഷണം.
ഒരുദിവസം ഏകദേശം 40 മുതൽ 46 കിലോമീറ്ററുകൾ നടക്കും. പുലർച്ചെ മൂന്നുമണിക്ക് നടത്തമാരംഭിക്കും. ഒമ്പത് മണിവരെ തുടരും. പിന്നീട് വിശ്രമത്തിന് ശേഷം ഉച്ചയ്ക്ക് മൂന്നുമണി മുതൽ നടക്കാനാരംഭിക്കും. വൈകീട്ട് ഏഴുമണിവരെ. ഒരുമാസം കൊണ്ട് ശബരിമലയിലെത്തും.
22-ന് സന്നിധാനത്ത് എത്തിച്ചേരാനാണ് തീരുമാനം. 24-ന് മടങ്ങും.