പ്രഖ്യാപനം കഴിഞ്ഞിട്ട് രണ്ടരമാസം; അമ്മയും കുഞ്ഞും ആസ്പത്രി തുറക്കുമെന്ന മന്ത്രിയുടെ ഉറപ്പ് പാഴായി


• കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആസ്പത്രിയിൽ എത്തിച്ച പുതിയ ഉപകരണങ്ങൾ | ഫോട്ടോ : മാതൃഭൂമി

കാഞ്ഞങ്ങാട്: ഇക്കഴിഞ്ഞ ഓഗസ്റ്റ് 12-ന് ജില്ലയിലെത്തിയ മന്ത്രി വീണാ ജോര്‍ജ് നല്‍കിയ ഉറപ്പാണ് പുതിയകോട്ടയിലെ അമ്മയും കുഞ്ഞും ആസ്പത്രി ഒരു മാസത്തിനുള്ളില്‍ തുറക്കുമെന്നത്. ഒരു മാസമല്ല, ഇപ്പോള്‍ രണ്ടുമാസം പിന്നിട്ടു, ആസ്പത്രി പഴയപടി തന്നെയുണ്ട്. വിഷയത്തില്‍ മന്ത്രി നടത്തിയ രണ്ടാമത്തെ പ്രഖ്യാപനമാണ് വീണ്ടും വാക്കില്‍ മാത്രമൊതുങ്ങിയത്.

കഴിഞ്ഞവര്‍ഷം നവംബര്‍ 18-ന് ജില്ലയിലെത്തിയപ്പോഴും ആസ്പത്രി തുറക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. മൂന്നരമാസത്തിനുള്ളില്‍ തുറക്കുമെന്നായിരുന്നു അന്ന് പറഞ്ഞത്. അത് നടന്നില്ല. രണ്ടര മാസം മുന്‍പ് വീണ്ടുമെത്തിയപ്പോള്‍ വിഷയം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസുകാര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചു. പ്രതിഷേധം തിരിച്ചറിഞ്ഞ് ഒരുമാസത്തിനുള്ളില്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചു. 2021 ഫെബ്രുവരി എട്ടിനാണ് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ആസ്പത്രിക്കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ ആസ്പത്രി തുറക്കാന്‍ സാധിക്കാത്തതില്‍ പ്രദേശവാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണുള്ളത്.ആസ്പത്രി കെട്ടിടനിര്‍മാണം ഏകദേശം പൂര്‍ത്തിയായതാണ്. ലിഫ്റ്റ് നിര്‍മാണം പൂര്‍ത്തീകരിച്ചു.

വൈദ്യുതി കണക്ഷനും കിട്ടി. കുറച്ച് പ്രവൃത്തികള്‍ ബാക്കിയുണ്ടെന്നും അത് പെട്ടെന്ന് തീരുമെന്നും പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അധികൃതര്‍ അറിയിച്ചു. ഇതിനിടെ മേല്‍ക്കൂരയില്‍ ഷീറ്റിടാന്‍ കരാറെടുത്തയാള്‍ പണി പൂര്‍ത്തിയാക്കാതെ മടങ്ങി. കെട്ടിടത്തിന് അഗ്‌നിരക്ഷാസേനയുടെ എതിര്‍പ്പില്ലാരേഖ കിട്ടിയിട്ടുമില്ല. അത് കിട്ടിയാലേ നഗരസഭ കെട്ടിട നമ്പര്‍ നല്‍കുകയുള്ളൂ.

തസ്തികയായില്ല; കട്ടിലും കിടക്കയുമില്ല

: ആസ്പത്രി തുടങ്ങാന്‍ ആദ്യം വേണ്ട കാര്യങ്ങളൊന്നും ഇവിടെ പൂര്‍ത്തിയായിട്ടില്ല. ഡോക്ടര്‍മാരെയും നഴ്സുമാരെയും മറ്റു ജീവനക്കാരെയും നിയമിക്കുന്ന കാര്യവും പാതിവഴിയിലാണ്.

കട്ടിലും കിടക്കയും മറ്റു ഉപകരണങ്ങളുമൊക്കെ എത്താനുണ്ട്. ഇതിനുള്ള ഫണ്ട് ലഭിക്കുകയും സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തിരുന്നു. ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് ഒരുക്കേണ്ട സജ്ജീകരണങ്ങളും തയ്യാറായിട്ടില്ല.

എവിടെ, സൂപ്രണ്ട്

:ആസ്പത്രി തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സൂപ്രണ്ടിനെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. തസ്തികയുണ്ടാക്കി പെട്ടെന്നുതന്നെ നിയമനം നടത്തുമെന്നും നിയമന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ സൂപ്രണ്ട് തസ്തികയിലുള്ള ഒരാളെ ചുമതലയേല്‍പ്പിക്കുമെന്നും ഉറപ്പുനല്‍കി. എന്നാല്‍, അതൊന്നും നടപ്പായില്ല.


'അഡ്ജസ്റ്റ് ചെയ്യണ'മെന്ന് ജില്ലാ ആരോഗ്യവകുപ്പിന് നിര്‍ദേശം

:ഡോക്ടര്‍മാരെയും നഴ്സുമാരെയും പുതുതായി നിയമിക്കില്ലെന്നും ജില്ലയില്‍തന്നെയുള്ള ജീവനക്കാരെ പുനര്‍വിന്യസിക്കണമെന്നുമാണ് ജില്ലാ ആരോഗ്യവകുപ്പിനോട് മേലുദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ആവശ്യത്തിന് ജീവനക്കാരില്ലാത്ത ഒരു ജില്ലയില്‍നിന്ന് എങ്ങനെ നിയമനം നടത്തുമെന്ന ചോദ്യവുമുയരുന്നുണ്ട്.

കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലും ജനറല്‍ ആസ്പത്രിയിലുമായി ഏഴു ഗൈനക്കോളജിസ്റ്റാണുള്ളത്. പ്രസവങ്ങളുടെ കണക്കെടുത്താല്‍ ഈ രണ്ട് ആസ്പത്രിയിലും ഇത്രയും ഗൈനക്കോളജിസ്റ്റുമാര്‍ മതിയാകില്ല. അതിനിടയില്‍, പുനര്‍വിന്യാസം കൂടി നടപ്പാക്കിയാല്‍ സംവിധാനങ്ങള്‍ തകരാറിലാകുമെന്ന ആശങ്കയുമുണ്ട്. സ്റ്റാഫ് നഴ്സുമാരുടെ കാര്യത്തിലും പട്ടികപ്രകാരമുള്ള ആളുകളില്ല.

Content Highlights: opening of mother and child hospital kanjangad, health minister veena george's promise unkept


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented