കാസർകോട്: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജിതമായി സംഘടിപ്പിക്കുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന തദ്ദേശ സ്വയംഭരണ അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു. മേയ് 11, 12 തീയതികളിൽ മുഴുവൻ ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പൽ വാർഡുകളിലും തീവ്ര ശുചീകരണയജ്ഞം സംഘടിപ്പിക്കും.

വാർഡ്‌തല ശുചിത്വസമിതിയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തും. ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ്‌തലത്തിൽ 25,000 രൂപ അനുവദിക്കും. ശുചിത്വമിഷൻ, ദേശീയ ആരോഗ്യദൗത്യം എന്നിവ 10,000 രൂപ വീതവും തദ്ദേശസ്ഥാപനങ്ങൾ 5000 രൂപയുമാണ് അനുവദിക്കുന്നത്.

റോഡുകളുടെ ഓവുചാലുകളിലും തോടുകളിലും മാലിന്യം കെട്ടിക്കിടന്ന് നീരൊഴുക്ക് തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തും. പഞ്ചായത്തുകളും നഗരസഭകളും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ക്ലീൻ കേരള മിഷൻ അടിയന്തരമായി നടപടി സ്വീകരിക്കണം. ശേഖരിക്കുന്ന മാലിന്യങ്ങൾ ജനവാസമില്ലാത്ത കേന്ദ്രങ്ങളിൽ സംഭരിച്ച് ശാസ്ത്രീയമായി സംസ്കരിക്കണമെന്നും മന്ത്രി പറഞ്ഞു.

തീവ്രശുചീകരണയജ്ഞവുമായി യൂത്ത് ക്ലബ്ബുകൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവർ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഉറവിട മാലിന്യ സംസ്കരണത്തിന് മുന്നിട്ടിറങ്ങി മാലിന്യമില്ലാത്ത കേരളം യാഥാർഥ്യമാക്കാൻ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ മന്ത്രി അഭ്യർഥിച്ചു. യോഗത്തിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി.രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു.

റോഡരികിലെ മാലിന്യം നീക്കംചെയ്യും

ജില്ലാ ഭരണകൂടം ആവിഷ്കരിച്ച പദ്ധതി പ്രകാരം എട്ട്, ഒൻപത് തീയതികളിൽ ദേശീയപാത, സംസ്ഥാനപാതകൾ, ജില്ലയിലെ മേജർ റോഡുകൾ എന്നിവയുടെ പരിസരങ്ങളിലുള്ള മാലിന്യം നീക്കംചെയ്യും. എൻ.എസ്.എസ്., സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റസിഡന്റ്‌സ് അസോസിയേഷൻ, ശുചിത്വമിഷൻ എന്നിവയുടെ നേത്വത്തിൽ ശുചീകരണം നടത്തും.