മഞ്ചേശ്വരം: പെരുമഴയും കാറ്റും യു.ഡി.എഫ്. പ്രവർത്തകരുടെ ആവേശം ചോർത്തിയില്ല. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ 89 എന്ന രണ്ടക്ക ഭൂരിപക്ഷത്തിൽനിന്ന് 7923 എന്ന നാലക്കത്തിലേക്ക് കുതിച്ചപ്പോൾ പ്രവർത്തകരുടെ മനസ്സിലും ആവേശത്തിരമാലകൾ അലതല്ലിയെത്തി.

വിജയം പ്രഖ്യാപിച്ച് ചാനലുകളിൽ വാർത്ത വന്നതിനു തൊട്ടുപിന്നാലെയെത്തിയ കനത്ത മഴയും കാറ്റും അണികളുടെ ആഹ്ലാദപ്രകടനങ്ങൾക്ക് തടസ്സമായില്ല. വോട്ടെണ്ണലിന്റെ തുടക്കത്തിൽ രാവിലെ 8.10 ഓടെ തന്നെ മുസ്‌ലിം ലീഗ് പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങൾക്കുള്ള കോപ്പുകൂട്ടിത്തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി കൂറ്റൻ ഹരിതപതാകയുമായി വോട്ടെണ്ണൽ കേന്ദ്രത്തിന്റെ മുൻപിൽ ഏതാനും പ്രവർത്തകർ കാത്തുനിന്നു.

സമയം പുരോഗമിക്കുന്തോറും ഓരോ റൗണ്ട് വോട്ടെണ്ണലിന്റെയും ഫലം പുറത്തുവന്നുകൊണ്ടിരുന്നു. ഓരോ ഭൂരിപക്ഷ പ്രഖ്യാപനത്തെയും പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. 9.45-ഓടെ പൈവളിഗെ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഓഫീസിനകത്തുനിന്ന്‌ ആർപ്പുവിളികളുമായി പ്രവർത്തകർ പുറത്തേക്കിറങ്ങി. ‘ഖമറൂച്ച ജയിക്കാ പോന്ന്‌റ.. ബന്നൂട്‌റ’. ആവേശത്താൽ ആർത്തുവിളിച്ച് അരയും തലയും മുറുക്കിയവരിറങ്ങി. ഭൂരിപക്ഷം വർധിക്കുന്നതിനനുസരിച്ച് പ്രവർത്തകരുടെ എണ്ണവും കൊടികളും വർധിച്ചു.

ആവേശവും ഇരട്ടിച്ചു. പലപ്പോഴും ആഹ്ലാദപ്രകടനം നടുറോഡിലേക്ക് എത്തിയതോടെ പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കളും പോലീസും ഇടപെട്ടു. ഗതാഗതം തടസ്സപ്പെടുത്താതെ ആഹ്ലാദ പ്രകടനം നടത്താൻ പോലീസ് ആവശ്യപ്പെട്ടതോടെ റോഡിനിരുവശവും പച്ച ടീഷർട്ടുകാരുടെ നീണ്ടനിരയായി. പച്ച മുഖംമൂടി ധരിച്ചും പച്ചക്കൊടികൾ വീശിയും പച്ചച്ചായം പൂശിയ കാറിലും, മണ്ണുമാന്തി യന്ത്രത്തിലുമായി പ്രവർത്തകർ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. പ്രവർത്തകർ പൈവളിഗെ നഗർ കീഴടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

മഞ്ചേശ്വരത്ത് ഖമറുദിച്ചേ... ‘ഖമറുദിച്ചേ ഖമറുദിച്ചേ മഞ്ചേശ്വരത്ത് ഖമറുദീച്ചേ...’ (ഖമർ- ചന്ദ്രൻ) അണികളുടെ ആവേശം അണപൊട്ടിയ മുദ്രാവാക്യം വിളികളാണ് പൈവളിഗെനഗറിലുയർന്നുകേട്ടത്. മഴ വക വെക്കാതെയെത്തിയ നിയുക്ത എം.എൽ.എ. എം.സി.ഖമറുദീനും രാജ്മോഹൻ ഉണ്ണിത്താൻ എം.പി.യും വോട്ടിങ്‌ കേന്ദ്രത്തിലേക്ക് എത്തിയതോടെ പ്രവർത്തകരുടെ മുദ്രാവാക്യംവിളിയുടെ ശബ്ദവും വർധിച്ചു.

മഴയിൽ ആനന്ദനൃത്തമാടിയിരുന്നവരും മഴ കൊള്ളാതെ ബസ് സ്റ്റോപ്പിലേക്കും കടത്തിണ്ണകളിലേക്കും കയറി നിന്നവരെല്ലാവരും പ്രായഭേദമെന്യേ സ്ഥാനാർഥിയെ സ്വീകരിച്ചാനയിക്കാൻ വോട്ടിങ്‌ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലേക്ക് ഇരച്ചെത്തി. സ്ഥാനാർഥിയെ നിലത്ത് കാലുകുത്താൻ അനുവദിക്കാതെ തോളിലേറ്റി ആരവങ്ങളോടെ എതിരേറ്റു. ബാൻഡ്മേളത്തിന്റെ താളം മുറുകി. മഴയുടെ തണുപ്പ് മാറ്റാൻ ഫയർ ഡാൻസ് മാതൃകയിൽ ചിലർ വായിൽനിന്ന്‌ തീ തുപ്പിയും തുള്ളിച്ചാടിയും അവരുടെ അതിരില്ലാത്ത സന്തോഷം പ്രകടിപ്പിച്ചു.

ജയ് വിളികളും മുദ്രാവാക്യങ്ങളുടെ അലയൊലികളും നിൽക്കുന്നതിനുമുൻപ് മുസ്‌ലിം ലീഗ് പ്രവർത്തകരുടെ സ്വന്തം ഉണ്ണീച്ചയും (ഉണ്ണിത്താൻ) പിന്നാലെയെത്തി. ഉപതിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകരുടെ കൂടെ നിന്ന് കൈമെയ് മറന്ന് പ്രവർത്തിച്ച നേതാവിനെയും സന്തോഷത്തോടെ പ്രവർത്തകർ തോളിലേറ്റി. വോട്ടിങ്‌ കേന്ദ്രത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറത്തിറങ്ങിയ നേതാക്കളെ തുറന്ന ജീപ്പിൽ കയറ്റി നഗരത്തിൽ പ്രകടനവും പൂർത്തിയാക്കിയ ശേഷവും ആവേശത്തിന്റെ അമിട്ടുകൾ പലതും ബാക്കിയായിരുന്നു.