മഞ്ചേശ്വരം: നിയമസഭയിലേക്ക് മഞ്ചേശ്വരം മണ്ഡലത്തിന്റെ പുതിയ പ്രതിനിധിയെ അറിയാൻ ഇനി കാത്തിരിപ്പ് മണിക്കൂറുകളുടേതുമാത്രം. പൈവളിഗെ നഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വ്യാഴാഴ്ച രാവിലെ എട്ടിന് വോട്ട് എണ്ണിത്തുടങ്ങും. വോട്ടണ്ണൽ കേന്ദ്രത്തിൽ 12 ടേബിളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു ടേബിളിൽ സൂപ്പർവൈസർ, അസിസ്റ്റന്റ് സൂപ്പർവൈസർ, സൂക്ഷ്മനിരീക്ഷകൻ എന്നിവർ ഉണ്ടാകും. ഒരു ടേബിളിൽ സ്ഥാനാർഥികളുടെ ഒരു ഏജന്റ് വീതവും ഉണ്ടാകും.

വോട്ടെണ്ണൽകേന്ദ്രത്തിൽ വരണാധികാരി, ഉപ വരണാധികാരി, പൊതുനിരീക്ഷക, സ്ഥാനാർഥികൾ എന്നിവരും ഉണ്ടാകും. കളക്ടർ ഡോ. ഡി.സജിത് ബാബു പ്രവർത്തനങ്ങൾ നിയന്ത്രിക്കും. ആദ്യം അഞ്ച് വോട്ടിങ് യന്ത്രങ്ങളിലെ വോട്ട് എണ്ണും. അതൊടെപ്പം ആ യന്ത്രങ്ങളിലെ വിവിപാറ്റ് സ്ലിപ്പുകൾകൂടി എണ്ണും.

നറുക്കെടുപ്പിലൂടെയാണ് അഞ്ച് യന്ത്രങ്ങൾ തിരഞ്ഞെടുക്കുക. തുടർന്ന് ഒന്നാംനമ്പർ ബൂത്ത് മുതൽ 198-ാം നമ്പർ ബൂത്തുവരെ ക്രമത്തിൽ എണ്ണും. 17 റൗണ്ടുകളിലായാണ് വോട്ട് എണ്ണുന്നത്. ഓരോ റൗണ്ടും പൂർത്തിയായാൽ വരണാധികാരിയുടെ അംഗീകാരത്തോടെ ഡാറ്റാ എൻട്രി നടത്തും. പൊതുജനങ്ങൾക്ക് വോട്ടണ്ണെൽനില തൽസമയം അറിയുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. results.eci.gov.in എന്ന വെബ്സൈറ്റിലൂടെ ഫലം തത്സമയം അറിയാം.

പൊതുനിരീക്ഷക സുഷമ ഗൊഡ്ബോലെ, വരണാധികാരി ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.) എൻ.പ്രേമചന്ദ്രൻ, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ പി.ആർ. രാധിക എന്നിവർ വോട്ടണ്ണൽകേന്ദ്രത്തിൽ യോഗംചേർന്ന് ഒരുക്കം വിലയിരുത്തി.

യന്ത്രം മനസ്സ് തുറക്കുന്നത് ഈ വഴിയിലൂടെ

ആദ്യം എണ്ണിത്തുടങ്ങുന്നത് മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്തിലെ 29 ബൂത്തുകളിലെ ജനവിധിയാണ്. കുഞ്ചത്തൂർ ജി.വി.എച്ച്.എസ്.സ്കൂളിലെ ഒന്നാംനമ്പർ ബൂത്തിൽ ആകെയുള്ള 11,318 വോട്ടർമാരിൽ 1007 പേരാണ് തിങ്കളാഴ്ച വിധിയെഴുതിയത്. മഞ്ചേശ്വരത്തിന് തൊട്ടുപിന്നാലെ വൊർക്കാടിയിലെ 18 ബൂത്തുകളിലേക്ക് കടക്കും. പിന്നീട് മീഞ്ചയിലെ 19 ബൂത്തുകൾ.

ശേഷം മംഗൽപ്പാടിയിലെ 35 ഉം പൈവളിഗെയിലെ 24ഉം കുമ്പളയിലെ 35ഉം പുത്തിഗെയിലെ 17ഉം ബൂത്തുകളിലെ വോട്ടുകൾ എണ്ണും. എൻമകജെയിലെ 21 ബൂത്തുകളിലെ വോട്ട് ഏറ്റവും ഒടുവിലാണ് എണ്ണുക. 198-ാമത്തെ ബൂത്ത് പഡ്രെ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രവർത്തിച്ചിരുന്നത്. 815 വോട്ടർമാരിൽ 705 പേരാണ് അവിടെ വോട്ടുചെയ്തത്. മംഗൽപ്പാടിയിലും കുമ്പളയിലുമാണ് ഏറ്റവുംകൂടുതൽ ബൂത്തുകളുള്ളത്. 35 വീതം. പുത്തിഗെയിലാണ് ഏറ്റവും കുറവ് ബൂത്തുകളുള്ളത് 17.