മഞ്ചേശ്വരം: ഉപതിരഞ്ഞടുപ്പിന്റെ ഭാഗമായി മണ്ഡലത്തിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ ഭക്ഷണസൗകര്യമൊരുക്കിയത് കുടുംബശ്രീ. പോളിങ് ബൂത്തുകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെയുള്ളവയാണ് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ കുടുബശ്രീ യൂണിറ്റുകൾ മുഖേന എത്തിച്ചുനൽകിയത്.

പലപ്പോഴും തിരഞ്ഞെടുപ്പുസമയങ്ങളിൽ ഉദ്യോഗസ്ഥർക്ക് ഭക്ഷണം ലഭ്യമല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിനുപരിഹാരമെന്ന നിലയിലാണ് കളക്ടർ ഡോ. ഡി.സജിത്ത് ബാബുവിന്റെ പ്രത്യേക നിർദേശപ്രകാരം കുടുംബശ്രീ യൂണിറ്റുകൾ മുഖേന ഭക്ഷണ സൗകര്യമൊരുക്കിയത്.

രാവിലെ 5.30-ന് ചായയും 8.30-ന് പ്രഭാതഭക്ഷണവും 11-ന് ചായയും ലഘുഭക്ഷണവും ഒരുമണിക്ക് ഉച്ചഭക്ഷണവും 3.30-ന് ചായയുമാണ് ഒരുക്കിയിരുന്നത്. കൂടാതെ വോട്ടിങ് പൂർത്തിയാക്കി പോളിങ് സാധനസാമഗ്രികൾ ഏൽപ്പിക്കാൻ സ്വീകരണ കേന്ദ്രലെത്തിയ ഉദ്യോഗസ്ഥർക്ക് ആവശ്യമായ ഭക്ഷണവും കുടുംബശ്രീ നൽകി.