മഞ്ചേശ്വരം: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വോട്ടുണ്ടായിരുന്ന പ്രമുഖ സ്ഥാനാർഥി ഇടതുമുന്നണിയിലെ എം.ശങ്കർ റൈ ആയിരുന്നു. അംഗഡിമുഗർ ഹയർ സെക്കൻഡറി സ്കൂളിലെ 165-ാം ബൂത്തിൽ രാവിലെ ഏഴുമണിക്കെത്തി ഒന്നാമനായി അദ്ദേഹം വോട്ടുചെയ്തു. വോട്ട് ചെയ്യുന്നതിൽ ഒന്നാമനായെന്നും ഫലം വരുമ്പോഴും ഒന്നാമനാകുമെന്നും ബൂത്തിനുപുറത്ത് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

101 ശതമാനം വിജയപ്രതീക്ഷയുണ്ട്. മണ്ഡലത്തിനുള്ളിലെ സ്വീകാര്യത വോട്ടാകും. വോട്ടിങ് ശതമാനം ഉയരുന്നത് ശുഭപ്രതീക്ഷയാണ് -വോട്ടിങ്‌ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന തിരക്കിലേക്ക് കടക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

ആകെയുള്ള ഏഴുസ്ഥാനാർഥികളിൽ സ്വതന്ത്ര സ്ഥാനാർഥികളിൽ ബി. രാജേഷിനും ജോൺ ഡിസൂസയ്ക്കും മണ്ഡലത്തിൽ വോട്ടുണ്ടായിരുന്നു. പെർള ശ്രീസത്യനാരായണ ഹൈസ്കൂളിലെ 182-ാം ബൂത്തിൽ ബി. രാജേഷ് വോട്ട് ചെയ്തപ്പോൾ കയ്യാർ ഡോൺബോസ്‌കോ എ.യു.പി. സ്കൂളിലാണ് ജോൺ ഡിസൂസ വോട്ട് രേഖപ്പെടുത്തിയത്‌.

മണ്ഡലത്തിൽ വോട്ടില്ലെങ്കിലും യു.ഡി.എഫ്. സ്ഥാനാർഥി എം.സി.ഖമറുദ്ദീനും എൻ.ഡി.എ.യിലെ രവീശ തന്ത്രി കുണ്ടാറും വോട്ടെടുപ്പുദിനത്തിൽ മണ്ഡലത്തിലുടനീളം ബൂത്തുകളിൽ വോട്ടർമാരെ നേരിൽക്കണ്ടു.