മഞ്ചേശ്വരം: മണ്ഡലത്തിൽ ആദ്യമായി നടന്ന ഉപതിരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തിൽ മുന്നുമുന്നണികൾക്കും പ്രതീക്ഷ. രാത്രി എട്ടുമണിയുടെ കണക്കനുസരിച്ച് 75.53 ശതമാനമാണ് പോളിങ്. അന്തിമ കണക്ക് വരുമ്പോഴേക്ക് ഇതും കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാലുമാസം മുൻപ്‌ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ 75.87 ശതമാനമായിരുന്നു.

തിരഞ്ഞെടുപ്പു സമയം അവസാനിച്ച്‌ ആറുമണിയായപ്പോഴേക്കും 68-70 ശതമാനത്തിൽ നിന്ന പോളിങ് യു.ഡി.എഫ്. കേന്ദ്രങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ, ആ ആശങ്ക ദൂരീകരിക്കുന്നതാണ് അവസാന ശതമാന കണക്ക്.

ബി.ജെ.പി. കാര്യമായി പ്രവർത്തിച്ചതായി പുറമെ തോന്നിച്ചില്ലെങ്കിലും അകമെ തിളച്ചുമറിഞ്ഞ പ്രചാരണമായിരുന്നു. സ്ഥാനാർഥിനിർണയത്തിന്റെ പേരിൽ ബി.ജെ.പി.യിൽ അസ്വസ്ഥതയുണ്ടായിരുന്നതിനാൽ വോട്ടിങ്‌ കുറഞ്ഞാൽ അവരുടെ കുറെ വോട്ടുകൾ ചെയ്തില്ലെന്ന് വ്യാഖ്യാനം വരുമായിരുന്നു. അത് ഒഴിഞ്ഞു. ഫലം വരും വരെ അവർക്കും പ്രതീക്ഷയോടെ കാത്തിരിക്കാം.

ഇടതുമുന്നണി പ്രതീക്ഷ മറ്റൊന്നാണ്. ബി.ജെ.പി.യിൽനിന്നും മുസ്‌ലിം ലീഗിൽനിന്നും വ്യക്തിഗത വോട്ടുകൾ ഇടതുസ്ഥാനാർഥി ശങ്കർറൈ പിടിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു. സാധാരണ പോളിങ് നടന്നതിനാൽ ഈ പ്രതീക്ഷ അവർക്ക് നിലനിർത്താം.

അതേസമയം, ഈ തിരഞ്ഞെടുപ്പിൽ മൂന്നുമുന്നണികളും നടത്തിയ പ്രചാരണത്തിന്റെ തോതുവെച്ച് വോട്ടിങ്‌ ഇനിയും ഉയരേണ്ടിയിരുന്നു. 80 ശതമാനമെങ്കിലും കടക്കേണ്ട പ്രചാരണമാണ് മൂന്നുകൂട്ടരും നടത്തിയത്. ദേശീയ നേതാക്കൾ മണ്ഡലത്തിൽ തമ്പടിച്ച് പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയിരുന്നു.

ആയിരത്തോളം പോലീസുകാരുടെ സാന്നിധ്യത്തിൽ നടന്ന വോട്ടെടുപ്പ്‌ പൂർണമായും സമാധാനപരമായിരുന്നു. പി.ബി.അബ്ദുൾറസാഖ്‌ എം.എൽ.എ.യുടെ മരണത്തെ തുടർന്നാണ്‌ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ്‌ നടത്തിയത്‌. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾ മണ്ഡലത്തിൽ വോട്ട്‌ രേഖപ്പെടുത്തി. 80.88 ശതമാനം സ്ത്രീകൾ വോട്ട്‌ ചെയ്തപ്പോൾ പുരുഷന്മാർ 69.90 ശതമാനം മാത്രമാണ്‌.

ആദ്യ മണിക്കൂറിൽ അഞ്ചുശതമാനം കടന്നു

രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് തുടങ്ങുമ്പോൾ തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാർ ക്യൂ നിന്നു. പതിനൊന്നുമണിവരെ കനത്ത പോളിങ് നടന്നു. ആദ്യ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ 5.02 ആയിരുന്നു ശതമാനം. രണ്ടുമണിക്കൂറായപ്പോഴേക്ക് 10.52 ശതമാനമായി. പത്തുമണിയായപ്പോൾ 18 ശതമാനം കടന്നു. പത്തരയായപ്പോഴേക്കും 20 കടന്നു. യു.ഡി.എഫ്. ശക്തികേന്ദ്രങ്ങളായ തീരമേഖലയിലെ മഞ്ചേശ്വരം, മംഗൽപ്പാടി, കുമ്പള തുടങ്ങിയ പഞ്ചായത്തിലെ ബുത്തുകളിൽ കനത്ത പോളിങ് നടക്കുകയായിരുന്നു.

മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിൽ 17-ാം നമ്പർ ബൂത്തിൽ 12-മണിയോടെ 42 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെയുള്ള 748 വോട്ടർമാരിൽ 317 പേർ വോട്ടുചെയ്തുകഴിഞ്ഞിരുന്നു. ഒരു മണിയോടെ പോളിങ് 35 ശതമാനം കടന്നു. മൂന്നുമണിയോടെ മണ്ഡലത്തിലെ പാതിയിലേറെപ്പേർ വോട്ടുചെയ്തു കഴിഞ്ഞിരുന്നു. പിന്നീട് ഒന്ന് മന്ദഗതിയിലായി. പോളിങ് അവസാനിക്കാൻ രണ്ടുമണിക്കൂർ മാത്രം ബാക്കിനിൽക്കേ വോട്ടിങ് 61 ശതമാനത്തിൽ നിന്നു. ഇത് യു.ഡി.എഫ്. കേന്ദ്രങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കി.

ആകെ പോളിങ് 70 ശതമാനത്തിൽ ഒതുങ്ങുമോ എന്നുപോലും സംശയമുണ്ടായിരുന്നു. പക്ഷേ, പിന്നീടുള്ള മണിക്കൂറിൽ പോളിങ് കുത്തനെ ഉയരുന്നതാണ് കണ്ടത്. ആറുമണിക്ക് പോളിങ് അവസാനിച്ച് മുക്കാൽ മണിക്കൂർ കൂടി കഴിഞ്ഞപ്പോഴേക്കും 74 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ആകെ പോളിങ് പാർലമെന്റ് തിരഞ്ഞെടുപ്പിലെ ശതമാനത്തിനൊപ്പമെത്തുമെന്ന് വ്യക്തമായി. മണ്ഡലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഉയർന്ന പോളിങ് നടന്നത് 1987-ലായിരുന്നു. അന്ന് 77 ശതമാനം കടന്നിരുന്നു.