മഞ്ചേശ്വരം : കർണാടക മെഡിക്കൽ-എൻജിനീയറിങ് പ്രവേശനപരീക്ഷ തുടങ്ങി. മൂന്നുദിവസങ്ങളിലായാണ്‌ പരീക്ഷ നടക്കുന്നത്. പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കായി അധികൃതർ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പരീക്ഷയ്ക്കെത്തുന്നവർക്ക് കെ.എസ്.ആർ.ടി.സി. ഗതാഗതസൗകര്യം ഏർപ്പെടുത്തി.

വ്യാഴാഴ്ച രാവിലെ 5.30-ന് കാഞ്ഞങ്ങാട്ടുനിന്ന്‌ ചന്ദ്രഗിരി, മാവുങ്കാൽ റൂട്ടുകളിൽ ബസ്‌ സൗകര്യമുണ്ടായിരുന്നു. കാഞ്ഞങ്ങാട്ടുനിന്ന്‌ തലപ്പാടി വരെ 11 ബസ്സുകളാണ് സർവീസ് നടത്തിയത്.

തലപ്പാടിയിൽനിന്ന്‌ മംഗളൂരുവിലേക്കും മറ്റ് പരീക്ഷാകേന്ദ്രങ്ങളിലേക്കും വിദ്യാർഥികളെയെത്തിക്കാൻ ദക്ഷിണ കാനറ ജില്ലാ ഭരണകൂടം വാഹന സൗകര്യം ഏർപ്പെടുത്തി . ജില്ലയിൽനിന്ന്‌ നൂറുകണക്കിന് വിദ്യാർഥികളാണ് പരീക്ഷയ്ക്ക്‌ അപേക്ഷിച്ചത്. കോവിഡ് വ്യാപനം ശക്തമാകുന്ന ഘട്ടത്തിൽ നടക്കുന്ന പരീക്ഷ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരീക്ഷണമാകുമെന്ന ആശങ്ക നിലനിന്നിരുന്നു.

വിദ്യാർഥികൾക്ക്‌ സൗജന്യയാത്ര

വിദ്യാർഥികൾക്ക് ബസ്‌ യാത്ര സൗജന്യമാണെന്ന് ജില്ലാ ട്രാൻസ്പോർട്ട്‌ ഓഫീസർ എ.ടി.മനോജ് കുമാർ പറഞ്ഞു. ദിവസം രണ്ട് പരീക്ഷകളാണ് നടക്കുന്നത്. ഓഗസ്റ്റ്‌ ഒന്നിന് കന്നഡഭാഷാ പരിജ്ഞാനപരീക്ഷ നടക്കും. പരീക്ഷ 11 മണിക്കാണ് തുടങ്ങുക. അതിനാൽ കാഞ്ഞങ്ങാട്ടുനിന്ന്‌ കെ.എസ്.ആർ.ടി.സി. ബസ്സുകൾ രാവിലെ 6.30-നാണ് പുറപ്പെടുകയെന്ന് അധികൃതർ പറഞ്ഞു. കെ.എസ്.ആർ.ടി.സി.യെ കൂടാതെ സ്വന്തം വാഹനങ്ങളിലും സ്വകാര്യവാഹനങ്ങളിലും വിവിധ സംഘടനകൾ ഏർപ്പാടാക്കിയ വാഹനങ്ങളിലും മറ്റുമായി ഒട്ടേറെപ്പേർ പരീക്ഷയെഴുതാൻ പോകുന്നുണ്ട്.

പരീക്ഷ കഴിഞ്ഞ് തലപ്പാടിയിലെത്തുന്ന വിദ്യാർഥികളെ കെ.എസ്.ആർ.ടി.സി.യിൽ തിരികെയെത്തിക്കും.