മഞ്ചേശ്വരം : പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന 108 കിലോ കഞ്ചാവ് പിടികൂടി.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. മഞ്ചേശ്വരം കെദുമ്പാടി അടുക്കപ്പള്ള ചെക്‌പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. പിക്കപ്പ് വാൻ പരിശോധിക്കുന്നതിനായി കൈകാണിച്ചുവെങ്കിലും വാഹനം നിർത്താതെ അതിവേഗത്തിൽ കുഞ്ചത്തൂർ ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു.

സംശയം തോന്നിയ പോലീസ് ഇവരെ പിന്തുടർന്നു. സാഹസികമായി എട്ട്‌ കിലോമീറ്റർ ദൂരം പോലീസ് പിന്തുടരുന്നതിനിടെ സന്നടുക്കയിൽ വാഹനം ഉപേക്ഷിച്ച് പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു.

കുടുക്കിയത് റോഡുപണി

:അടുക്കപ്പള്ളയിൽനിന്ന്‌ പോലീസിനെ വെട്ടിച്ച് പിക്കപ്പ് വാൻ ഓടിയത് ഊടുവഴിയിലൂടെ. എട്ട് കിലോമീറ്റർ ദൂരം അതുവരെ അതിവേഗത്തിൽ പാഞ്ഞ വാഹനം സന്നടുക്ക റോഡിൽ സഡൻ ബ്രേക്കിട്ടു നിന്നു. കോൺക്രീറ്റ് ചെയ്യുന്നതിനായി റോഡ്‌ അടച്ചിട്ടതാണ് കാരണം.

പിറകിൽ മിന്നൽവേഗത്തിൽ പോലീസുമെത്തിയതോടെ പിക്കപ്പ് വാനിലുണ്ടായിരുന്നവർ അമ്പരന്നു. വാഹനം മുന്നോട്ടും പിന്നോട്ടും എടുക്കാനാവാതെ കുഴങ്ങി. പോലീസ് പിടികൂടുമെന്ന അവസ്ഥയിൽ വാഹനം ഉപേക്ഷിച്ച് മുന്നിൽ തെളിഞ്ഞ കാട്ടുപാതയിലൂടെ കഞ്ചാവുമായെത്തിയ രണ്ടംഗ സംഘം ഓടിരക്ഷപ്പെടുകയായിരുന്നു.

കഞ്ചാവ് ഒളിപ്പിച്ചത് പഴക്കുലയ്ക്കിടയിൽ

:ഒറ്റനോട്ടത്തിൽ കർണാടകയിൽനിന്ന്‌ പഴം കയറ്റിവരുന്ന വാഹനമെന്നേ തോന്നൂ. കർണാടക രജിസ്‌ട്രേഷൻ വാഹനത്തിൽ ഒളിപ്പിച്ച കഞ്ചാവ് കെട്ടുകൾക്ക് മുകളിൽ പഴക്കുലകൾ അടുക്കിവെച്ച നിലയിലായിരുന്നു.

പോലീസ് പരിശോധനയിൽ ഇത് ഉപയോഗശൂന്യമായവയാണെന്ന് കണ്ടെത്തി. രണ്ട് കിലോ തൂക്കം വരുന്ന 54 പാക്കറ്റുകളായാണ് കഞ്ചാവ് കണ്ടെത്തിയത്. വിവരമറിഞ്ഞ് നാട്ടുകാരും പോലീസിനൊപ്പം ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. മഞ്ചേശ്വരം സി.ഐ. എ. അനൂപ് കുമാർ, എ.എസ്.ഐ. ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്.