മഞ്ചേശ്വരം : കോവിഡ് വ്യാപനം ശക്തമായിരിക്കെ കർണാടക മെഡിക്കൽ, എൻജിനീയറിങ് പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ ആശങ്കയിൽ. മംഗളൂരു, െബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ പരീക്ഷാകേന്ദ്രം ലഭിച്ചവർ സുരക്ഷിതമായി നിലവിലെ സാഹചര്യത്തിൽ എങ്ങനെ എത്തിപ്പെടുമെന്ന ആശങ്കയിലാണ്‌. അന്തസ്സംസ്ഥാന യാത്ര നിരോധിച്ച സാഹചര്യത്തിൽ പ്രവേശനപരീക്ഷയെഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കുവേണ്ടി എന്ത് ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നതിനെക്കുറിച്ച് അധികൃതരും വ്യക്തത വരുത്തിയിട്ടില്ല.

കാസർകോട്ടുനിന്ന്‌ ഉൾപ്പെടെ ഒട്ടേറെ വിദ്യാർഥികളാണ് കർണാടക പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്. ജൂലായ്‌ 30, 31, ഓഗസ്റ്റ് ഒന്ന് തീയതികളിലാണ് പരീക്ഷ. പൊതുഗതാഗതസംവിധാനം നിലവിലില്ലാത്തതിനാൽ ബെംഗളൂരുവിലെയും മംഗളൂരുവിലെയും മറ്റും പരീക്ഷാകേന്ദ്രങ്ങളിൽ എങ്ങനെയെത്തുമെന്നതാണ് ആശങ്കയ്ക്ക് കാരണം. പരീക്ഷാകേന്ദ്രങ്ങൾ മാറ്റാൻ അവസരം നൽകിയിരുന്നുവെങ്കിലും ഈ വിജ്ഞാപനം പലരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. അതിനാൽ വിദൂരസ്ഥലങ്ങളിലാണ് പലർക്കും കേന്ദ്രം അനുവദിച്ചിട്ടുള്ളത്.

കേരളത്തിൽ ജൂലായ് 16-ന് കീം പരീക്ഷ നടന്നപ്പോൾ ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ വരുന്ന വിദ്യാർഥികൾക്ക് ബന്ധപ്പെടാൻ അഡ്മിറ്റ് കാർഡിൽ അധികൃതരുടെ മൊബൈൽഫോൺ നമ്പർ നൽകിയിരുന്നു. അതിർത്തിയിൽ കെ.എസ്.ആർ.ടി.സി. ബസുകളും ഏർപ്പെടുത്തിയിരുന്നു. ഇത്തരം സംവിധാനങ്ങളൊന്നും കർണാടകയിൽ കാണുന്നില്ല. വിദ്യാർഥികൾക്കും കൂടെ പോകുന്നവർക്കും യാത്ര ചെയ്യാനുള്ള സംവിധാനമൊരുക്കണമെന്നാണ്‌ രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്‌. ക്വാറന്റീൻ സംബന്ധിച്ചും സംശയങ്ങൾ ബാക്കിയാണ്. ഒാഗസ്റ്റ് ഒന്നിന് നടക്കുന്നത് കന്നഡ ഭാഷാപരിജ്ഞാന പരീക്ഷയാണ്. ഇത് മാത്രം എഴുതുന്ന കുട്ടികളും ജില്ലയിൽനിന്ന് പോകുന്നവരിൽ ഉൾപ്പെടുന്നു. പരീക്ഷയ്ക്കായി പ്രത്യേക പാസ് അനുവദിക്കുന്നുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. ജൂലായ് 31-ന് ബക്രീദാണ്. അന്ന് പരീക്ഷ നടത്തുന്നത് പലർക്കും പ്രയാസമാകുമെന്നും പരാതിയുണ്ട്.

പരീക്ഷ ജൂലായ്‌ 30, 31, ഓഗസ്റ്റ്‌ ഒന്ന് തീയതികളിൽ

പ്രവേശനപരീക്ഷയ്ക്ക് കേന്ദ്രം അനുവദിക്കണം

കാസർകോട് : കർണാടക കോമൺ എൻട്രൻസ് പരീക്ഷയ്ക്ക് കാസർകോട്ട് പരീക്ഷാകേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. അധികൃതർക്ക് കത്തയച്ചു.

കർണാടക പരീക്ഷ അതോറിറ്റി എക്‌സിക്യുട്ടീവ് ഡയറക്ടർ, കേരള എൻട്രൻസ് പരീക്ഷ കമ്മിഷണർ, കേരള, കർണാടക മുഖ്യമന്ത്രിമാർ എന്നിവർക്കാണ് കത്തയച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് കർണാടകയിലെ പരീക്ഷാകേന്ദ്രങ്ങളിലെത്താനാകില്ലെന്നും ഇതിനാൽ കാസർകോട് പരീക്ഷാകേന്ദ്രം അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.