മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മാലിന്യപ്രശ്നം രൂക്ഷമാകുമ്പോഴും നീക്കംചെയ്യാൻ നടപടിയില്ല. പൊതുസ്ഥലങ്ങളിലെ മാലിന്യം നീക്കംചെയ്യുന്നില്ലെന്നുമാത്രമല്ല മാലിന്യം തള്ളുന്നവർക്കെതിരെരേ നടപടിയുമില്ല. ഉപ്പള ഗേറ്റിനും തലപ്പാടിക്കുമിടയിൽ ദേശീയപാതയുടെ അരികിൽ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി മാലിന്യം തള്ളിയനിലയിലാണ്.
ഹൊസങ്കടി ടൗൺ പരിസരം, റെയിൽവേ സ്റ്റേഷൻ റോഡ്, ഭഗവതിനഗർ, കുഞ്ചത്തൂർ, തുമിനാട് എന്നിവിടങ്ങളിലാണ് മാലിന്യപ്രശ്നം രൂക്ഷമായിട്ടുള്ളത്. ചെക്പോസ്റ്റ് പരിസരം വീണ്ടും മാലിന്യംകൊണ്ട് മൂടിയിരിക്കുകയാണ്. ഒരു മാസം മുമ്പ് ഇവിടെ കെട്ടിക്കിടന്ന മാലിന്യം നീക്കംചെയ്തിരുന്നെങ്കിലും വീണ്ടും ഇവിടം മാലിന്യകേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതുമൂലം ദേശീയപാതയിലൂടെ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കുപോലും മൂക്കുപൊത്താതെ പോകാൻ കഴിയാത്ത സ്ഥിതിയാണ്.
റെയിൽവേ സ്റ്റേഷൻ റോഡിന് സമീപവും സ്ഥിതി വ്യത്യസ്തമല്ല. വഴിയോരങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും മാലിന്യം നിറഞ്ഞതോടെ തെരുവുനായ്കളുടെ ശല്യവും വർധിച്ചു. മാലിന്യ സംസ്കരണത്തിന് സംവിധാനമില്ലാത്തതും പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരേ നടപടിയെടുക്കാത്തതുമാണ് പ്രശ്നം രൂക്ഷമാകാൻ കാരണം.