മഞ്ചേശ്വരം: ചെക്പോസ്റ്റിൽ നിർത്തിയിട്ടിരുന്ന ചരക്കുസേവനനികുതി വകുപ്പിന്റെ ജീപ്പ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കടത്തിക്കൊണ്ടുപോയി. ശനിയാഴ്ച രാവിലെ വാമഞ്ചൂർ ചെക്പോസ്റ്റിലാണ് വാഹനം തട്ടിക്കൊണ്ടുപോയത്.

പതിവ് വാഹനപരിശോധനയ്ക്കായി ജീവനക്കാർ തയ്യാറായിനിൽക്കുന്നതിനിടെ ചെക് പോസ്റ്റിന് മുൻപിൽ നിർത്തിയിട്ടിരുന്ന KL-01 AX 9919 എന്ന ജീപ്പിലേക്ക് കയറിയ ആൾ വാഹനം സ്റ്റാർട്ടാക്കി പൊടുന്നനെ മംഗളൂരുഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു.

ജീവനക്കാർ ബഹളംവെച്ച് പിറകെ പോയെങ്കിലും വണ്ടി നിർത്താതെ പോയി. തുടർന്ന് തലപ്പാടി ആർ.ടി.ഒ.യെ വിവരമറിയിച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും ആർ.ടി.ഒ. ജീവനക്കാരെ മറികടന്ന് വാഹനം നിർത്താതെ പോയി.

തലപ്പാടി ടോൾബൂത്തിലും നിർത്താതെ ബാരിക്കേഡ് തകർത്ത് അമിതവേഗത്തിൽ പോയ ജീപ്പ് ഉള്ളാൾ റോഡിന് സമീപം പിലിക്കൂറിൽ കർണാടക പോലീസ് പിടികൂടി. എന്നാൽ, വാഹനവുമായി കടന്നയാൾ ഓടി രക്ഷപ്പെട്ടു.

അമിത വേഗത്തിലായിരുന്നതിനാൽ പലയിടങ്ങളിലുമുരസി ജീപ്പിന്‌ കേടുപാട് പറ്റിയിട്ടുണ്ട്. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വാഹനം തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.