ബന്തിയോട്: പിരിമുറുക്കം നിറഞ്ഞ മുഖത്തോടെയാണ് എം.സി.ഖമറുദ്ദീൻ വോട്ടെണ്ണലിനെ നേരിട്ടത്. 250-ൽ തുടങ്ങി 7923-ലെത്തിച്ച ഭൂരിപക്ഷം പോലെ പിരിമുറുക്കത്തിൽനിന്ന് ചിരിയിലെത്തിച്ചാണ് പ്രവർത്തകരുടെ കമറൂച്ച വോട്ടെണ്ണൽ പ്രക്രിയ അവസാനിപ്പിച്ചത്. പ്രവർത്തകർക്കൊപ്പം വോട്ടെണ്ണൽ വീക്ഷിക്കാൻ എം.സി.ഖമറുദ്ദീൻ ഉപ്പളയിലെ വാടകവീടൊഴിവാക്കി ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ബി.യൂസഫിന്റെ വീട്ടിലാണെത്തിയത്.

സമയം 7.55; സ്റ്റോർറൂം തുറക്കുന്നതിന് അഞ്ചുമിനിട്ടു മുമ്പുതന്നെ എം.സി.യുടെ കാറെത്തി. ഉപ്പളയിലെ വീട്ടിൽനിന്ന്‌ കുടുംബത്തോടൊപ്പമാണ് സ്ഥാനാർഥി വോട്ടെണ്ണൽ വീക്ഷിക്കാനെത്തിയത്. സ്ഥാനാർഥി ടി.വി.ക്കുമുമ്പിൽ ഹാജറിട്ടപ്പോൾതന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീറും തൊട്ടടുത്ത കസേരയിലെത്തി. വോട്ടെണ്ണലിന്റെ എല്ലാ പിരിമുറുക്കവും ഒളിപ്പിച്ചായിരുന്നു ഖമറുദ്ദീന്റെ ഇരിപ്പ്. ഇടയ്ക്കിടെ ഇത്തരത്തിൽ ഇത് പുറത്തുവരികയും ചെയ്തു.

‘നല്ല ഉറക്കക്ഷീണമുണ്ട്, ഞാനൊന്നുറങ്ങിയാലോ,’ സ്ഥാനാർഥിയുടെ ‘തമാശ’യ്ക്ക് പ്രവർത്തകർ കൂട്ടചിരിയിട്ടതോടെ ഉറക്കക്ഷീണം മണ്ഡലം വിട്ടു. അടുത്തത് കറന്റ് കട്ട്. ‘ഇനി ഈ കറന്റ് 10 മണിക്കുശേഷം വന്നാൽ മതിയായിരുന്നു,’ സ്ഥാനാർഥി തന്റെ പിരിമുറുക്കം ഒരു തമാശയിലൂടെ പറഞ്ഞുവെച്ചു.

8.20-ഓടെ ആദ്യ ലീഡ് നേടിയപ്പോൾ പ്രവർത്തകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. എന്നാൽ, രൂപത്തിലും ഭാവത്തിലും വ്യത്യാസമില്ലാതെയായിരുന്നു എം.സി.ഖമറുദ്ദീൻ. 8.45-ഓടെ സി.ടി.അഹമ്മദലിയും ചേർന്നു.

പല ചാനലുകളിൽ ഭൂരിപക്ഷം കൂടിയും കുറഞ്ഞും വന്നതോടെ കൂടിയ ഭൂരിപക്ഷം നൽകുന്ന ചാനൽ പ്രവർത്തകർ ഉറപ്പിച്ചു. ചാനൽ വിവരങ്ങളെ മാത്രം ആശ്രയിക്കാതെ വോട്ടെണ്ണൽ കേന്ദ്രത്തിൽ വിളിച്ചുചോദിച്ചാണ് ഖമറുദ്ദീൻ ഭൂരിപക്ഷം ഉറപ്പിച്ചത്. ഇതിനിടെ പല തലയ്ക്കുനിന്ന് നേതാക്കൾ ഫോൺ വഴി ഖമറുദ്ദീനടുത്തെത്തി. വിവരങ്ങൾ ക്രോഡീകരിച്ച് സാധ്യതകൾ വിശകലനം ചെയ്താണ് ഖമറുദ്ദീൻ ആദ്യ മണിക്കൂറുകൾ പിന്നിട്ടത്.

‘ഓ... മൈ ഡിയർ,’ സ്വന്തം സ്റ്റൈലിൽ രാജ്‌മോഹൻ ഉണ്ണിത്താനും എത്തിയതോടെ പ്രവർത്തകരുടെ ആവേശം ഇരട്ടിയായി.

2719; ഭൂരിപക്ഷം കൂടിയെന്നുള്ള ഓരോ ഫ്ളാഷുകളും കൈയടിയും വിസിലടിച്ചുമാണ് പ്രവർത്തകർ നേരിട്ടത്. ഓരോ തവണയും കൈയുയർത്തി ‘സമയമായില്ല’ എന്ന് ഖമറുദ്ദീന്റെ മുന്നറിയിപ്പ്. ചാനലിലെ ഫ്ളാഷുകൾക്കൊപ്പം ഫോൺ വിളിച്ച് പ്രവർത്തകർ നൽകുന്ന വിവരങ്ങളും പ്രവർത്തകരെ ആവേശമാക്കി.

ഭൂരിപക്ഷം 4156-ൽ എത്തിയപ്പോഴേക്കും ചാനലുകൾ ഖമറുദ്ദീന്റെ വിജയമുറപ്പിച്ചു. മൈക്കിനു മുന്നിൽ അമിതാവേശമില്ലാതെ ഖമറുദ്ദീൻ പറഞ്ഞു, ‘വോർക്കാടിയാണ് എണ്ണുന്നത്, നല്ല വിജയ പ്രതീക്ഷയുണ്ട്,’ പ്രതികരണങ്ങൾ രണ്ടുമൂന്നു വാക്കിലൊതുക്കി എം.സി. ശാന്തനായി. അപ്പോഴേക്കും മുറിയിൽ പ്രവർത്തകർ നിറഞ്ഞിരുന്നു.

സമയം 9.34; രാജ്‌മോഹൻ ഉണ്ണിത്താനും ഗോദയിലേക്കിറങ്ങി. സ്ഥാനാർഥിക്ക് തൊട്ടടുത്ത് സ്ഥാനം. പേനയും പേപ്പറുമായി വോട്ടെണ്ണലിന്റെ ഓരോ വിവരങ്ങളും സൂക്ഷ്മതയോടെ നിരീക്ഷിച്ച് ഉണ്ണിത്താന്റെ കണക്കുകൂട്ടലുകൾ.

‘നമ്മുടെ വാഹനവും അനൗൺസ്‌മെന്റ് വാഹനവും പെട്ടന്ന് എത്തിക്കാൻ പറയണം,’ വിജയമുറപ്പിച്ചതോടെ പ്രവർത്തകരുടെ ആവേശം ഇരട്ടിയായി. ഇതോടെ ചാനൽ മൈക്കുകൾ ഉണ്ണിത്താനു നേരേ ‘എനിക്കു ലഭിച്ചതിനെക്കാൾ ഒരു വോട്ട് അധികം ഭൂരിപക്ഷം ഖമറുദ്ദീന് ലഭിക്കും,’ പ്രവർത്തകരെ ആവേശത്തിലാക്കി ഓരോ വാക്കും.

10.34-ഓടെ ലീഡ് 6601; പച്ച ബനിയനും തലക്കെട്ടുമായി പ്രവർത്തകരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. 11 മണി കഴിഞ്ഞതോടെ പ്രവർത്തകർ ലഡുവിതരണം തുടങ്ങി.

വിജയം ഉറപ്പിച്ചശേഷവും മംഗൾപാടിയും കുമ്പളയും അടക്കമുള്ള ശക്തികേന്ദ്രങ്ങളിലെ വോട്ടുകൾ എണ്ണുന്നതുവരെ ഖമറുദ്ദീനും ഉണ്ണിത്താനും ടി.വി.ക്കുമുന്നിൽതന്നെയായിരുന്നു. ഭൂരിപക്ഷം 10,000 കടന്നതിനുശേഷം നിയുക്ത എം.എൽ.എ.യായി ഖമറുദ്ദീൻ പുറത്തേക്ക്.

‘കമറൂച്ച സിന്ദാബാദ്, ഉണ്ണിച്ചാ സിന്ദാബാദ്’ വിളികൾക്കിടെ പ്രവർത്തകർക്കിടയിലൂടെ പണിപ്പെട്ടാണ് ഉണ്ണിത്താനും ഖമറുദ്ദീനും പുറത്തെത്തിയത്. വിജയാഘോഷത്തിന്റെ തുടക്കമായി പ്രവർത്തകർ കൊണ്ടുവന്ന പച്ചകേക്ക് മുറിച്ച് പരസ്പരം പങ്കിട്ടു. ഇനി മാധ്യമങ്ങളുടെ മുന്നിലേക്ക്.’ ‘ഔദ്യോഗികഫലം വന്നശേഷം എം.എൽ.എ.യാണ്. വലിയ ഉത്തരവാദിത്വമാണ്. ഒപ്പിട്ടശേഷം ആ ഉത്തരവാദിത്വം ഏറ്റെടുക്കും.’

പ്രവർത്തകർ അണിയിച്ച ഹാരവുമായി പുറത്തേക്കിറങ്ങിയതും തുലാമഴ ശക്തിയായി പെയ്തിറങ്ങി. നിയുക്ത എം.എൽ.എ. മഴയിലേക്കിറങ്ങി.