കാസർകോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നാലുമാസം മുൻപത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേടിയ 11,113 വോട്ട് ഭൂരിപക്ഷം നിലനിർത്താനായില്ലെന്നത് നേര്. പക്ഷേ, 2016-ലെ 89 വോട്ട് ഭൂരിപക്ഷം 7923 വോട്ടിലേക്ക് എത്തിച്ചു എം.സി.ഖമറുദ്ദീൻ. ഉപതിരഞ്ഞെടുപ്പിൽ ലീഗ് മത്സരിച്ച ഒരേയൊരു സീറ്റായിരുന്നു ഇത്.

നിലവിലെ ദേശീയ സാഹചര്യത്തിൽ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന പാർട്ടിക്ക് സീറ്റ് നഷ്ടപ്പെടുക, അതും ബി.ജെ.പി.യോട് എന്നത് ലീഗിന് ചിന്തിക്കാനാകില്ലായിരുന്നു. ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദും പത്തുദിവസത്തിലേറെ മണ്ഡലത്തിൽത്തന്നെ തങ്ങാനിടയാക്കിയത് ഇതാണ്.

കുഞ്ഞാലിക്കുട്ടി ഓഫീസിലിരുന്ന് ഏകോപിപ്പിച്ചപ്പോൾ കെ.പി.എ.മജീദ് നേരിട്ടിറങ്ങി വോട്ടഭ്യർഥിച്ചു. ലീഗിന്റെ ഓരോ എം.എൽ.എ.യും ഓരോ പഞ്ചായത്തിന്റെ ചുമതല വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യുടെ ശക്തമായ സാന്നിധ്യം കോൺഗ്രസിനെയും രംഗത്തിറങ്ങാൻ പ്രേരിപ്പിച്ചു.

ലീഗിലെ പടലപ്പിണക്കങ്ങൾ തുടക്കത്തിലേ ഇല്ലാതാക്കാൻ കഴിഞ്ഞതാണ് മറ്റൊരുനേട്ടം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ എ.കെ.എം.അഷറഫിനെ സ്ഥാനാർഥിയാക്കാത്തതിനെച്ചൊല്ലി ചെറിയ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. പക്ഷേ, ഹൈദരലി തങ്ങൾ നേരിട്ട് വിളിച്ച് “കുട്ടിയുടെ ജനസ്വാധീനം അംഗീകരിക്കുന്നു, നിലവിൽ പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥിക്കൊപ്പം നിൽക്കണം” എന്ന് അഭ്യർഥിച്ചതോടെ അഷറഫ് അരയും തലയും മുറുക്കി രംഗത്തിറങ്ങി.

കോന്നി, വട്ടിയൂർക്കാവ്‌ മണ്ഡലങ്ങളെ അപേക്ഷിച്ച്‌ യു.ഡി.എഫിൽ എല്ലാ അർഥത്തിലും അകമേ ഐക്യമുണ്ടായിരുന്നു. സ്ഥാനാർഥിക്ക് കന്നട വശമില്ലെന്ന ആക്ഷേപം വീരപ്പമൊയിലിയും സിദ്ധരാമയ്യയും അടക്കം രണ്ട്‌ മുൻമുഖ്യമന്ത്രിമാരെ കർണാടകത്തിൽനിന്ന് പ്രചാരണത്തിനിറക്കി പരിഹരിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിലെ സ്ഥിതി നേരിയ വ്യതിയാനങ്ങളോടെയായാലും നിലനിർത്താൻ ഇത്തരം ഘടകങ്ങൾ സഹായകമായി.

തന്ത്രം പാളിപ്പോയത് ഇടതുമുന്നണിക്കാണ്. പ്രവർത്തകർക്ക് സ്വീകാര്യനായ, തദ്ദേശീയനായ ശങ്കർ റൈ മാസ്റ്ററെ ഇറക്കിയതോടെ മത്സരം കടുപ്പിക്കാൻ കഴിഞ്ഞെങ്കിലും അത് വോട്ടിൽ പ്രതിഫലിച്ചില്ല, അവർ പ്രതീക്ഷിച്ചിരുന്നതുപോലെ രണ്ടാംസ്ഥാനത്തുപോലും എത്താനുമായില്ല. ഒരുമാസത്തെ വ്യക്തിപ്രഭാവം കൊണ്ട് യു.ഡി.എഫ്-ബി.ജെ.പി. കോട്ട പിളർത്താൻ കഴിയില്ലെന്ന് ഫലം വന്നപ്പോൾ അവർക്ക് മനസ്സിലായിക്കാണണം.

വിശ്വാസപ്രഖ്യാപനത്തിലൂടെ ബി.ജെ.പി. വോട്ടുകളിൽ കുറെ വരുതിയിലാക്കാമെന്ന പ്രതീക്ഷയും തെറ്റി. യു.ഡി.എഫും ബി.ജെ.പി.യും അവരുടെ കോട്ട കാത്തു. ആകെയുള്ള എട്ടുപഞ്ചായത്തുകളിൽ ശങ്കർ റൈയുടെ തട്ടകമായ പുത്തിഗെയിൽ മാത്രമാണ് ഇടതുമുന്നണിക്ക് ലീഡ് നേടാനായത്. അവിടെ പക്ഷേ, ആകെ പോൾ ചെയ്ത വോട്ട് 13,308 മാത്രമാണ്. ഇവിടെ 1020 വോട്ടിന്റെ ലീഡേ നേടാനായുള്ളൂ. യു.ഡി.എഫ്. സ്വാധീനമുള്ള പഞ്ചായത്തുകളിലാകട്ടെ ഇതിന്റ ഇരട്ടി വോട്ടുകളുണ്ടായിരുന്നു.

ഉദാഹരണം കുമ്പള. അവിടെ 27,847 വോട്ട് പോൾ ചെയ്യപ്പെട്ടു. എൻ.ഡി.എ.യെ രണ്ടാംസ്ഥാനത്ത് നിലനിർത്തി യു.ഡി.എഫ്. ഇവിടെ 3577 വോട്ടിന്റെ ലീഡ് നേടി. ഇറങ്ങി പ്രവർത്തിച്ചില്ലെങ്കിൽ ഇടതുമുന്നണിക്ക് മണ്ഡലം ബാലികേറാ മലയായി തുടരുമെന്നാണ് ഫലം കാണിക്കുന്നത്. 2006-ൽ ജയിച്ചത് തങ്ങളുടെ മേന്മയെക്കാൾ വിരുദ്ധവോട്ടുകളുടെ ബലത്തിലാണെന്ന് അവർ തിരിച്ചറിയേണ്ടിയിരിക്കുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിനെക്കാൾ 5437 വോട്ട് അധികം നേടി എന്ന് ഇടതുമുന്നണിക്ക് ആശ്വസിക്കാം. ബി.ജെ.പി.ക്ക് 380 വോട്ട് വർധനയേ ഉണ്ടായുള്ളൂ യു.ഡി.എഫിനാകട്ടെ 2810 വോട്ട് കുറയുകയാണ് ചെയ്തത്. ആകെ വോട്ടർമാരുടെ എണ്ണം പാർലമെന്റ് തിരഞ്ഞെടുപ്പിനെക്കാൾ 2693 കൂടിയിരിക്കെയാണിത്.

എൻ.ഡി.എ.യ്ക്ക് ഈ മണ്ഡലം പിടിക്കൽ ഒട്ടും എളുപ്പമല്ലെന്ന് ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ സൂചന. ഇന്നോളം കാണാത്ത പ്രവർത്തനം അവർ കാഴ്ചവെച്ചിട്ടും സ്ഥാനാർഥി മണ്ഡലത്തിൽ സുപരിചിതനായിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ 89 വോട്ട് വ്യത്യാസത്തിന്റെ ആവേശം അവർക്ക് നിലനിർത്താനായില്ല. കേരളം മൊത്തം നേരിട്ട തിരിച്ചടി മാത്രമല്ല കാരണം. ഇതനപ്പുറം അവർ ഈ മണ്ഡലത്തിൽ വളരണമെങ്കിൽ ഇടതുമുന്നണിയുടെ വോട്ടുബാങ്കിൽ കാര്യമായ ചോർച്ച സംഭവിക്കണം. യു.ഡി.എഫിൽനിന്ന് വോട്ടുവരും എന്ന് അവർക്ക് പ്രതീക്ഷിക്കുക വയ്യ. കാരണം അതിൽ ഭൂരിഭാഗവും ന്യൂനപക്ഷ വോട്ടുകളാണ്.

പാർട്ടി വോട്ടുകൾ ചോർന്നില്ലെന്നതാണ് ബി.ജെ.പി.ക്ക് സമാധാനിക്കാൻ വക നൽകുന്ന ഘടകം. സ്ഥാനാർഥിയെച്ചൊല്ലി രൂക്ഷ തർക്കമുണ്ടാകുകയും കയ്യാങ്കളിയോളം എത്തുകയും ചെയ്തിരുന്നു ഇവിടെ. ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസിന്റെ നേതൃപാടവവും ആർ.എസ്.എസിന്റെ അകമേയുള്ള പ്രവർത്തനവുമാണ് ആ മുറിവുണക്കാനും പാർട്ടി വോട്ടുകൾ പാർട്ടി ചിഹ്നത്തിൽത്തന്നെ വീഴാനും സഹായിച്ചത്.