പൈവളിഗെ നഗർ: ബൂത്തുകളൊരുങ്ങി. ഇനിയുള്ള മണിക്കൂറുകൾ മഞ്ചേശ്വരം നിയോജക മണ്ഡലത്തിന്റെ വിധിനിർണയത്തിന്റെത്. പൈവളിഗെ നഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഞായറാഴ്ച രാവിലെയാണ് പോളിങ് സാമഗ്രികളുടെ വിതരണംനടന്നത്.

ബൂത്തൊരുക്കാനുള്ള വസ്തുക്കളുടെ വിതരണവും വോട്ടെടുപ്പ് പ്രക്രിയ സുഗമമായി നടത്താനുള്ള ഉദ്യോഗസ്ഥരുടെ ക്രമീകരണവും ഉച്ചയോടെ പൂർത്തിയായി. 198 ബൂത്തുകളിലേക്കുമായി 792 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. തിരഞ്ഞെടുപ്പ് ജോലിക്കെത്താതിരുന്ന ഒരാൾക്ക് നോട്ടീസ് നൽകാൻ ജില്ലാ കളക്ടർ ഉത്തരവ് നൽകിയിട്ടുണ്ട്.

എല്ലാ ബൂത്തുകളിലും വോട്ടറെ തിരിച്ചറിയുന്നതിനായി ഇക്കുറി അഞ്ചാമതൊരു വനിതാ ജീവനക്കാരിയെയും നിയോഗിച്ചിട്ടുണ്ട്. ബൂത്തിലെത്തുന്ന വോട്ടറെ ഫോട്ടോ നോക്കി തിരിച്ചറിഞ്ഞതിനുശേഷം മാത്രമേ വോട്ടുചെയ്യാൻ അനുവദിക്കുകയുള്ളൂ. 54 ബൂത്തുകളിൽ സൂക്ഷ്മനിരീക്ഷകരുണ്ടാകും.

49 സ്ഥലത്ത് സായുധ പോലീസ് സേനാംഗങ്ങളെ വിന്യസിക്കും. 38 സെക്ടർ ഓഫീസർമാരും 68 റൂട്ട് ഓഫീസർമാരും രംഗത്തുണ്ടാകും. 20 ബൂത്തുകളിൽ വെബ്‌കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 178 ബൂത്തുകളിൽ മുഴുവൻസമയ വീഡിയോ ചിത്രീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

120 ജീവനക്കാരെ റിസർവിൽ നിർത്തിയിട്ടുണ്ട്. റിട്ടേണിങ് ഓഫീസർക്കുകീഴിൽ 250 പേരും തിരഞ്ഞെടുപ്പ് ജോലികളിൽ സജീവമായുണ്ട്.

ഏജന്റുമാരുടെ പാസ് നൽകിയത് ബൂത്തിൽ

പൈവളിഗെ നഗർ: ബൂത്തിലേക്കുള്ള ആവശ്യത്തിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ കിറ്റിൽ ഏജന്റുമാരുടെ പാസും അവരുടെ മൂവ്‌മെന്റ് രജിസ്റ്ററും ഇല്ലാത്തത് ആശങ്ക പരത്തി. ഏറ്റുവാങ്ങിയ വസ്തുക്കൾ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനിടയിലാണ് ഇവ രണ്ടും ഇല്ലാത്തത് പ്രിസൈഡിങ് ഓഫീസർമാരുടെ ശ്രദ്ധയിൽപ്പെട്ടത്.

പാസും മുവ്‌മെന്റ് രജിസ്റ്ററും ഞായറാഴ്ച രാത്രിതന്നെ സെക്ടർ ഓഫീസർമാർമുഖാന്തിരം അതത് ബൂത്തുകളിൽ എത്തിക്കുമെന്ന ഉറപ്പുലഭിച്ചതിനെത്തുടർന്നാണ് ഉദ്യോഗസ്ഥർ പോളിങ് സാമഗ്രികളുടെ വിതരണകേന്ദ്രത്തിൽനിന്ന് യാത്രതുടങ്ങിയത്.

യാത്രയ്ക്കും ഭക്ഷണത്തിനും പണമില്ലാതെ പോലീസ്

പൈവളിഗെ നഗർ: തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള പോലിസുകാർക്ക് യാത്രാബത്തയും ഭക്ഷണത്തിനുള്ള ചെലവും ലഭിച്ചില്ലെന്ന് ആക്ഷേപം. ഓഫീസർമാർ ഉൾപ്പെടെ 1109 പോലീസുകാരാണ് ഉപതിരഞ്ഞെടുപ്പ് ജോലിക്കായുള്ളത്. ഏതാണ്ട് പതിനാറ് ലക്ഷം രൂപയോളമാണ് ഈ ഇനത്തിൽ നൽകുന്നതിനായി വേണ്ടത്.

സാധാരണ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട് കഴിഞ്ഞാൽ മൂന്ന് ദിവസത്തെ ഭക്ഷണച്ചെലവും യാത്രാബത്തുയുമാണ് അനുവദിക്കാറുള്ളത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് എസ്.ഐ.റാങ്കിലുള്ള ഉദ്യോഗസ്ഥന് 1450 രൂപയാണ് ലഭിച്ചിരുന്നത്.

അതിർത്തി കടന്ന് രണ്ട് ബൂത്തുകൾ

പൈവളിഗെ നഗർ: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ രണ്ട് ബൂത്തൊരുക്കാനുള്ള യാത്ര കർണാടകയിലൂടെ നടത്തണം. പെർള-പൂത്തൂർ അന്തസംസ്ഥാന പാതയിലൂടെ പോയി സാറഡുക്ക ഗേയ്റ്റ് കടന്ന് വേണം 178-ാം നമ്പർ ബൂത്തായ സായയിലും 179-ാം ബൂത്തായ ചവർക്കാടും എത്താൻ.

സായ ശ്രീദുർഗാ പരമേശ്വരി എൽ.പി. സ്‌കൂളിലെ ബൂത്തിൽ 1069 വോട്ടർമാരാണ് ഉള്ളത്. 571 പുരുഷന്മാരും 498 സ്ത്രീകളും. ചവർക്കാട് കമ്മ്യൂണിറ്റി ഹാളിലേതിൽ 582 പുരുഷന്മാരും 649 സ്ത്രീകളുമുൾപ്പെടെ 1231 പേരും.

ബൂത്ത് നമ്പർ 56, 57:സങ്കടക്കട്ട

പൈവളിഗെ നഗർ: മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് ജോലിക്ക് കണ്ണൂർ ജില്ലയിൽ നിന്ന് എത്തിയ ഉദ്യോഗസ്ഥൻ ബൂത്തിന്റെ പേര് കണ്ട് ആദ്യം ഒന്ന് ഞെട്ടി. സങ്കടക്കട്ടയെന്ന പേര് പോലെ ജോലിയും സങ്കടത്തിലാകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ പേടി.

കാസർകോട്ടുകാരനായ സുഹൃത്ത് സുങ്കതക്കട്ടെയെന്ന ശരിയായ പേരും അതിന്റെ അർഥവും പറഞ്ഞ് കൊടുത്തതോടെയാണ് അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷം തെളിഞ്ഞത്. നികുതിത്തറ എന്നാണ് മലയാളത്തിൽ സുങ്കതക്കട്ടെയുടെ അർഥം.

മീഞ്ച പഞ്ചായത്തിലെ സുങ്കതക്കട്ടെ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ രണ്ട് ബൂത്തുകളാണ് തിങ്കളാഴ്ച പ്രവർത്തിക്കുന്നത്. അമ്പത്തിയാറാം ബൂത്തിൽ 447 പുരുഷന്മാരും 480 സ്ത്രീകളുമുൾപ്പെടെ 927 വോട്ടർമാരാണുള്ളത്. 57-ാം ബൂത്തിൽ 818 വോട്ടർമാരാണ്. 421 പുരുഷന്മാരും 397 സ്ത്രീകളും.