ഉപ്പള: മഞ്ചേശ്വരത്തെ എൻ.ഡി.എ.യുടെയും എൽ.ഡി.എഫിന്റെയും സ്ഥാനാർഥികൾ കപട ഹിന്ദുത്വവാദികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പി.യുടെ തന്ത്രിയുടെ ശിഷ്യനാണ് സി.പി.എമ്മിന്റെ സ്ഥാനാർഥി. അദ്ദേഹത്തെ അനുഗ്രഹിക്കുകയുംചെയ്യുന്നു. രണ്ട് തന്ത്രിമാരെയും നേരിടേണ്ട സ്ഥിതിയാണ് യു.ഡി.എഫിനുള്ളത്. ഇവരെല്ലാം കപട ഹിന്ദുത്വവാദികളാണ്.
രണ്ട് തന്ത്രിമാരെയും എതിർക്കേണ്ട ഉത്തരവാദിത്തം യു.ഡി.എഫിനുണ്ട്. രണ്ടുപേരുടെയും സ്വഭാവം ഒന്നാണ്. മഞ്ചേശ്വരത്തെ ജനങ്ങൾ അത് തിരിച്ചറിയണം -കുണ്ടംകാരടുക്കയിൽ സംഘടിപ്പിച്ച കുടുംബസംഗമത്തിൽ ചെന്നിത്തല പറഞ്ഞു.
മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി അഷ്‌റഫ് കൊടിയമ്മ അധ്യക്ഷതവഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി, മുൻ വിദ്യാഭ്യാസ മന്ത്രി അഡ്വ. നാലകത്ത് സൂപ്പി, കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠൻ, സ്ഥാനാർഥി എം.സി.ഖമറുദ്ദീൻ, ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നിൽ, ജനതാദൾ (യു) സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോൺ ജോൺ, കെ.പി.സി.സി. അംഗം അഡ്വ. എ.സുബ്ബയ്യ റൈ എന്നിവർ സംസാരിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പുണ്ഡരീകാക്ഷ സ്വാഗതം പറഞ്ഞു.
മജീർപള്ളയിൽ നടന്ന കുടുംബസംഗമത്തിൽ കെ.കെ.ജായിറൻ അധ്യക്ഷതവഹിച്ചു. വോർക്കാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.എ.അബ്ദുൽ മജീദ് സ്വാഗതം പറഞ്ഞു. മംഗൽപ്പാടി മണ്ണങ്കുഴി, മഞ്ചേശ്വരം എന്നിവിടങ്ങളിലും കുടുംബ സംഗമം നടന്നു.
പരാമർശം നീചം - എം.വി.ബാലകൃഷ്ണൻ
കാസർകോട്: പ്രതിപക്ഷ നേതാവിന്റെ കപട ഹിന്ദുത്വവാദി പരാമർശം അത്യന്തം നീചവും നിന്ദ്യവുമാണെന്ന് സി.പി.എം.ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. എൽ.ഡി.എഫ്. സ്ഥാനാർഥി എം. ശങ്കർറൈക്കെതിരായി നടത്തിയ പരാമർശം അദ്ദേഹത്തെ മാത്രമല്ല മുഴുവൻ ഹിന്ദുകളെയും അടച്ചാക്ഷേപിക്കുന്നതായി. യു.ഡി.എഫ്. സ്ഥാനാർഥിക്ക് വേണ്ടി വോട്ട് പിടിക്കാൻ ഇത്തരത്തിൽ ഹിന്ദു വിരുദ്ധ പരാമർശം നടത്താൻ എങ്ങനെ സാധിക്കുന്നുവെന്നും വ്യക്തിഹത്യയിലെ കാപട്യം ജനം തിരിച്ചറിയുമെന്നും അദ്ദേഹം ആരാഞ്ഞു.
സ്ഥാനാർഥിയെന്ന നിലയിൽ ശങ്കർറൈയ്‌ക്കെതിരെ നടത്തിയ പരാമർശം തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കണമെന്നും ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.